Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 20ലേറെ കേസുകള്‍, സർക്കാർ കോടതിയെ അറിയിക്കും | hema-committee-report

നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി വിവരങ്ങളും മുദ്രവെച്ച കവറിൽ ഹാജരാക്കും

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പ്രത്യേക ഹൈക്കോടതി ബെ‌ഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ട് വന്നില്ലെങ്കിലും പൊലീസിന് നടപടികൾ തുടങ്ങാമെന്ന് കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി വിവരങ്ങളും മുദ്രവെച്ച കവറിൽ ഹാജരാക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം 20 ലധികം കേസുകള്‍ രജിസ്റ്റർ ചെയ്തു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണവും തുടങ്ങി. എഫ്ഐആറുകളെല്ലാം തിരുവനന്തപുരം കോടതിയിൽ സീൽ വെച്ച കവറിൽ പ്രത്യേക സംഘം കൈമാറി. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിവരിൽ നിന്നും അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തും. മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ടുപോയാൽ മാത്രം അന്വേഷണം തുടരും.

അല്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാനായി കോടതിയിൽ റിപ്പോർട്ട് നൽകും. മൊഴികളിൽ വ്യക്തതയില്ലാത്ത സംഭവങ്ങളിലാണ് പ്രാഥമിക അന്വേഷണം നടത്തുക. ഹൈക്കോടതിയുടെ കർശന നിർദ്ദേശമുള്ളതിനാൽ ഒരു വിവരവും ചോർന്ന പോകാത്തവിധമാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്. ഓരോ കേസുകളുടെയും അന്വേഷണം പ്രത്യേക സംഘത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

content highlight: hema-committee-report