വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തി. ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തിയ പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഉണ്ടാവും.
പ്രിയങ്കയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ ആരുമുണ്ടായിരുന്നില്ല. കേരളത്തിലെ നേതാക്കള്‍ പ്രിയങ്കയെ സ്വീകരിച്ചു. ശേഷം വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് പ്രിയങ്ക അവിടെ നിന്നും മടങ്ങിയത്. രണ്ട് ദിവസങ്ങളില്‍ ഏഴിടങ്ങളിലാണ് പ്രചാരണം. സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ ആണ് ആദ്യസമ്മേളനം.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകീട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് പ്രിയങ്കയുടെ ഇന്നത്തെ അവസാന പരിപാടി. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് വന്‍ സ്വീകരണമായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കേരളത്തിലെ നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.