Thiruvananthapuram

‘കളിക്കളം’ കായികമേളയ്ക്ക് തുടക്കമായി: പട്ടികവര്‍ഗ വകുപ്പു മന്ത്രി ഒ.ആര്‍ ഉദ്ഘാടനം ചെയ്തു; വേദിക്ക് നിറം പകര്‍ന്ന് ഫ്‌ളാഷ് മോബും മാര്‍ച് പാസ്റ്റും

പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാനതല കായികമേളയായ ‘കളിക്കളം2024’ ന് കൊടിയേറി. തിരുവനന്തപുരം കാര്യവട്ടം എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയത്തില്‍ ആരംഭിച്ച കായികമേള പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടി.ഡി.ഒകളിലെ കുട്ടികള്‍ വിശിഷ്ടാതിഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച മാര്‍ച്ച് പാസ്റ്റ് നടന്നു. തുടര്‍ന്ന് പതാക ഉയര്‍ത്തി മന്ത്രി കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


ഉദ്ഘാടനത്തോടൊപ്പം നടത്തിയ മാര്‍ച് പാസ്റ്റിലും ഫ്‌ളാഷ് മോബിലും മിന്നിത്തിളങ്ങി കളിക്കളം വേദി. വിവിധ എം.ആര്‍.എസ് കളില്‍ നിന്നും പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ നിന്നുമെത്തിയ കായിക താരങ്ങള്‍ കൃത്യമായ ചുവടുവയ്പ്പുകളോടെ അണിനിരന്നപ്പോള്‍ കാണികളുടെ കരഘോഷമുയര്‍ന്നു. ‘കളിയാണ് ലഹരി ‘എന്ന വിഷയത്തിലൂന്നിയായിരുന്നു കട്ടേല എം.ആര്‍.എസിലെ കായിക താരങ്ങള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.

 

മനോഹരമായ നൃത്തച്ചുവടുകളും സംഗീതവും കാഴ്ചക്കാരുടെ മനം കവര്‍ന്നു. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഒ ആര്‍ കേളു രണ്ടു പരിപാടികളിലും പങ്കെടുത്ത കായിക താരങ്ങളെ പ്രശംസിക്കാനും മറന്നില്ല. തദ്ദേശീയ ജനവിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയും നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും മെച്ചപ്പെട്ട കായിക താരങ്ങളെ തദ്ദേശീയ ജനവിഭാഗത്തില്‍ നിന്ന് വളര്‍ത്തിയെടുക്കാനും ഈ കായികമേള വഴി സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

ഇതിനു പുറമേ തദ്ദേശീയ ജനവിഭാഗത്തിലെ വിദ്യാര്‍ത്ഥികളിലെ കലാകായിക വാസനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ഗോത്സവം എന്ന കലാപരിപാടിയും വകുപ്പ് നടത്താനൊരുങ്ങുകയാണ്. വയനാട് ജില്ലയില്‍ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും മന്ത്രി സ്വാഗതം ചെയ്തു. ഉദ്ഘാടന ശേഷം മുന്‍ കളിക്കളം ജേതാക്കള്‍ അണിനിരന്ന ദീപശിഖാ പ്രയാണം നടന്നു.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കെ.വി ധനേഷ് വിദ്യാര്‍ഥികള്‍ക്ക് കായിക പ്രതിജ്ഞ ചൊല്ലികൊടുത്തു. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും 118 പ്രീമെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകള്‍ ”കളിക്കളം 2024” ല്‍ അണിനിരക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കായികമേളയില്‍ നൂറിലധികം ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഉദ്ഘാടന സമ്മേളനത്തില്‍ കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പട്ടിക വര്‍ഗവികസന വകുപ്പ് ഡയറക്ടര്‍ ഡോ: രേണു രാജ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കെ.വി ധനേഷ്, വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

CONTENT HIGHLIGHTS;’Kalikalam’ Sports Festival kicks off: Scheduled Tribes Department Minister OR inaugurated; Flash Mob and March Past will add color to the venue

Latest News