ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ. മകന്റെ സ്കൂളിലെ ആനുവൽ ഡേ ആയാലും സുഹാനയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പ്രിവ്യൂ ആയാലും ആര്യൻ ഖാന്റെ പുതിയ ബ്രാൻഡിന്റെ ലോഞ്ചായാലും ആ വേദിയിൽ ഷാരൂഖ് കാണും. മക്കളുടെ ഓരോ നേട്ടങ്ങളിലും പിന്തുണ നൽകുന്ന ഏറ്റവും നല്ല പിതാവാണ് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഈ താരം.
കഴിഞ്ഞ ദിവസമായിരുന്നു ആര്യൻ ഖാന്റെ ആഡംബര സ്ട്രീറ്റ് വെയർ ബ്രാൻഡായ D’YAVOLൻ്റെ ലോഞ്ച് ദുബായിൽ നടന്നത്. എല്ലാ തിരക്കുകളും മാറ്റിവച്ച് ആ വേദിയിൽ നിറസാന്നിധ്യമായി ഷാരൂഖും ഉണ്ടായിരുന്നു. തൻ്റെ ഹിറ്റ് ഗാനത്തിന് തൻ്റെ അമ്മായിയമ്മയും ഗൗരി ഖാന്റെ അമ്മയുമായ സവിത ചിബ്ബറിനൊപ്പം നൃത്തം ചെയ്യുന്നതുമായ വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
ഇവൻ്റിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ആരാധക ശ്രദ്ധ നേടിയെടുത്തു. ഷാരൂഖ് തൻ്റെ നൃത്തച്ചുവടുകൾ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ അൽപ്പം നാണത്തോടെയാണ് സവിത ചിബ്ബർ മരുമകനൊപ്പം നൃത്തം ചെയ്യുന്നത്. ഡെനിം വസ്ത്രങ്ങളും കറുത്ത തൊപ്പിയും അണിഞ്ഞാണ് ഷാരൂഖ് ചടങ്ങിനെത്തിയത്.
ബിസിനസ് രംഗത്തു മാത്രമല്ല, സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ. കോമഡിയും വിനോദവും ഉൾക്കൊള്ളുന്ന, ബോളിവുഡ് താരങ്ങളുടെ ജീവിതവും പോരാട്ടവും പറയുന്ന സ്റ്റാർഡം എന്ന വെബ് സീരീസിലൂടെ ആര്യൻ ഖാൻ തൻ്റെ സംവിധായക അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. വളരെ അഭിമാനത്തോടെയാണ് ഷാരൂഖ് മകൻ്റെ ബ്രാൻഡ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്.
STORY HIGHLIGHT: shah rukh khan dances with mother in law savita chibber at aryan khans brand launch party