ദുബൈ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിൽ വമ്പൻ വികസനത്തിന് പച്ചക്കൊടി. 69.6 കോടിയുടെ പദ്ധതിക്കാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അനുമതി നൽകിയത്. ദുബൈ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിന് മുകളിലൂടെ അഞ്ചു പുതിയ പാലങ്ങൾ നിർമിക്കുന്നതാണ് പദ്ധതി. അഞ്ചു കിലോമീറ്ററിലേറെ നീളമുള്ള പാലങ്ങൾ വഴി ശൈഖ് സായിദ് റോഡിൽ നിന്ന് അഞ്ചു പ്രധാന സ്ട്രീറ്റിലേക്ക് വഴിയുണ്ടാകും. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് സ്ട്രീറ്റ്, സെക്കന്റ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ് എന്നീ അഞ്ചു സ്ട്രീറ്റുകളെയാണ് വികസന പദ്ധതി ബന്ധിപ്പിക്കുക.
ശൈഖ് സായിദ് റോഡിനെ ദേര ഭാഗത്തേക്കുള്ള ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യത്തെ പാലം. ഒരു കിലോമീറ്റർ നീളമുള്ള രണ്ടുവരി പാലത്തിലൂടെ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് കടന്നുപോകാനാവും. ശൈഖ് റാശിദ് സ്ട്രീറ്റിനെയും സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്നതാണ് രണ്ടും മൂന്നും പാലങ്ങൾ. രണ്ട് കിലോമീറ്റർ നീളമുള്ള ഈ പാലങ്ങൾക്ക് മണിക്കൂറിൽ 6,000 വാഹനങ്ങൾ ഉൾകൊള്ളാനുള്ള ശേഷിയുണ്ടാവും. അൽ മുസ്തഖ്ബൽ സ്ട്രീറ്റിനെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിന് അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് വരെ രണ്ട് കിലോമീറ്റർ നീളമുള്ള രണ്ട് പാലങ്ങളും നിർമിക്കും. മണിക്കൂറിൽ ആറായിരം വാഹനങ്ങൾക്ക് കടന്നു പോകാം.
പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാ സമയം പന്ത്രണ്ട് മിനിറ്റിൽ നിന്ന് 90 സെക്കന്റായി കുറയും. സബീൽ, അൽ സത് വ, കറാമ തുടങ്ങിയ കമ്യൂണിറ്റികളിലെ അഞ്ചു ലക്ഷത്തിലേറെ പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നവംബറിൽ കരാർ നൽകുന്ന അൽ മുസ്തഖബാത്ത് സ്ട്രീറ്റ് വികസനം ഉൾപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് ട്രേഡ് സെൻറർ റൗണ്ട് എബൗട്ട് വികസനമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. ശൈഖ് സായിദ് റോഡിൽ നിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം ആറിൽ നിന്ന് ഒരു മിനിറ്റായി ചുരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി അന്താരാഷ്ട്ര പരിപാടികൾക്ക് വേദിയാകുന്ന ദുബൈ വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഗതാഗതം സുഗമമാക്കാൻ സഹായിക്കുന്നതാണ് പദ്ധതി.