നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ദില്ലിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനത്തിൽ ഭീഷണിയെത്തുടർന്ന് കർശന പരിശോധന നടത്തി. വൈകിട്ട് 4 മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12 ന് നെടുമ്പാശ്ശേരിയിൽ നിന്നും ദില്ലിക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ഭീഷണിയുണ്ടായി. 2.45 ന് ദില്ലിയിൽ വിമാനം ഇറങ്ങിയ ശേഷമാണ് നെടുമ്പാശ്ശേരിയിൽ ഭീഷണി സന്ദേശം ലഭിച്ചത്.
അതേസമയം, വിമാനങ്ങള്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി നേരിടുന്ന സംഭവത്തില്‍ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഇന്നലെ കോഴിക്കോട് ദമാം ഉൾപ്പെടെ അൻപത് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഒക്ടോബർ പതിനാല് മുതൽ ആകെ 350നടുത്ത് വിമാനങ്ങൾക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നടക്കം ഭീഷണി സന്ദേശങ്ങൾ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഐബി അടക്കം ഏജൻസികൾ വിദേശ ഏജൻസികളുടെ സഹായം തേടിയത്. ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ഏജൻസികളുടെ നിഗമനം.
വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളെ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ. യുകെ, ജർമ്മനി രാജ്യങ്ങളുടെ ഐപി വിലാസത്തിലാണ് പല ഭീഷണികളും എത്തിയത്. ഇവയുടെ ഉറവിടം തേടി എക്സ് അടക്കം സാമൂഹിക മാധ്യമങ്ങൾക്ക് പൊലീസ് കത്ത് നൽകിയിരുന്നു.