സവോള എല്ലാ വീട്ടിലും കാണും അല്ലേ. നിത്യവും പാചകത്തിനായി എടുക്കുമ്പോൾ അതിനെ വില കുറച്ചു കാണേണ്ട. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും എന്നതു പോലെ തന്നെ ധാരാളം ആൻ്റ് ഓക്സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഉള്ളിയുടെ പ്രാധാന്യവും ഏറെ പ്രചാരത്തിലുണ്ട്.
ള്ളി നീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ ചുളിവുകളും വാർദ്ധക്യത്തിൻ്റേതായ ലക്ഷണങ്ങളും അകറ്റാൻ സഹായിക്കും. കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്ന ഘടകങ്ങളും ഉള്ളി നീരിൽ ഉണ്ട്. കൊളാജൻ ചർമ്മ കോശങ്ങളെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു. മുഖക്കുരു ഉണ്ടാക്കാൻ സാധ്യതയുള്ള ബാക്ടീരിയകളെ പ്രതിരോധിക്കുകയും ചെയ്യും.
ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന സൾഫർ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ച വർധിപ്പിക്കുന്നു. ഒപ്പം ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ തടയുന്നു. ഇത് മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായകരമാകുന്നു.
രണ്ട് ടീസ്പൂൺ ഉള്ളി നീരിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കുക. തലമുടിയിൽ പുരട്ടി 15 മുതൽ 20 മിനിറ്റു വരെ വിശ്രമിക്കുക. ശേഷം കഴുകി കളയുക. തലയോട്ടിയിലെ താരൻ വരൾച്ച എന്നിവ തടയുന്നതിന് ഇത് ഉപകരിക്കും. കൂടാതെ മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നു.
സവാളയുടെ നീരും ആവണക്കെണ്ണയും തുല്യ അളവിൽ ചേർത്തിളക്കി യോജിപ്പിക്കുക. ഈ രണ്ട് ചേരുവകൾക്കും ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി മൈക്രോബിയൽ സവിശേഷതകളുണ്ട്. മുടി കൊഴിച്ചിൽ തടയും. കൂടാതെ കരുത്തുറ്റ പുത്തൻ മുടിയിഴകളുടെ വളർച്ചക്കും ഇത് സഹായിക്കും. ഉള്ളിനീരിന്റെ മണമാണ് പലർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യം. ഉള്ളിനീര് മുടിയിൽ പുരട്ടിയാൽ മണം തങ്ങിനിൽക്കുമോ എന്ന് സംശയമുള്ളവരും ഉണ്ടാകും. എന്നാൽ പേടിക്കേണ്ടതില്ല, മൈൽഡ് ഷാംമ്പൂ ഉപയോഗിച്ച് തല നന്നായി കഴുകിയാൽ മണം പൂർണമായും പോവും.