കഴുത്തിനു ചുറ്റുമുള്ള കറുപ്പ്. ഹോർമോൺ വ്യതിയാനം മുതൽ ഉപയോഗിക്കുന്ന വസ്ത്രം വരെ ഇതിനു പിന്നിലെ കാരണങ്ങളാവാം.
ഹോർമോൺ വ്യതിയാനം ആണ് കാരണമെങ്കിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് ഒരു പരിധി വരെ സഹായിച്ചേക്കാം. ഫ്രിക്ഷണൽ മെലനോസിസ് എന്ന അവസ്ഥ, അതായത് ചർമ്മം തമ്മിലോ അല്ലെങ്കിൽ ഉപയോഗിക്കുന്ന വസ്ത്രവും ചർമ്മവും തമ്മിലോ ഉരസുന്നതിലൂടെ ഉണ്ടാകുന്ന കഴുത്തിലെ കറുപ്പ്. വസ്ത്രധാരണത്തിൽ അൽപ്പം ശ്രദ്ധ പുലർത്തുന്നത് അത്തരം സാഹചര്യങ്ങളിൽ ഗുണം ചെയ്യും.
കടകളിൽ നിന്നും മറ്റും വിലയേറിയ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി പരീക്ഷിക്കുന്നത് പലപ്പോഴം മാരകമായ പാർശ്വഫലങ്ങളിലേക്ക് വഴിവെയ്ക്കാറുണ്ട്. വീട്ടിൽ ലഭ്യമായ പ്രകൃതി ദത്ത വസ്തുക്കൾ ചേർത്ത് നോക്കൂ. കറ്റാർവാഴയും, മഞ്ഞൾപ്പൊടിയുമൊക്കെ ചർമ്മത്തിലെ പാടുകളും കരിവാളിപ്പും അകറ്റാൻ കാലാകാലങ്ങളായി ഉപയോഗിക്കുന്നവയാണ്. കഴുത്തിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇവ ഉപയോഗിച്ച് ഒരു സ്ക്രബ് വീട്ടിൽ തയ്യാറാക്കി പരീക്ഷിച്ചു നോക്കൂ.
കറ്റാർവാഴ ജെല്ലിലേക്ക് അൽപ്പം ബേക്കിംഗ് സോഡയും, പഞ്ചസാര പൊടിച്ചതും, മഞ്ഞൾപ്പൊടിയും ചേർക്കുക.
അൽപ്പം നാരങ്ങ നീര് അതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കുക.
ചെറു ചൂടുവെള്ളത്തിൽ മുക്കിയ ടവ്വൽ 10 മിനിറ്റ് കഴുത്തിന് ചുറ്റും വെയ്ക്കുക ശേഷം സ്ക്രബ് കഴുത്തിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യുക.
15 മിനിറ്റ് വിശ്രമിക്കുക.
ശേഷം കഴുകി കളയാം. ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഇത് ഉപയോഗിക്കുക.