മുടി നരയ്ക്കുക എന്നത് പ്രായാധിക്യം മൂല നടക്കുന്ന ഒരു പ്രക്രിയയാണ്. ചർമ്മത്തിലെ രോമകൂപങ്ങളിൽ മെലാനിൻ എന്ന പിഗ്മെൻ്റ് അടങ്ങിയിട്ടുണ്ട്. പ്രായം ഏറി വരുമ്പോൾ ഇതിൻ്റെ അളവ് കുറയുകയും മുടിയുടെ സ്വഭാവികമായ നിറം മങ്ങിത്തുടങ്ങുകയും ചെയ്യുമെന്ന് ഡയറ്റീഷ്യനായ ലാവ്ലിൻ കൗർ പറയുന്നു. എന്നാൽ അകാല നരയുടെ പിന്നിൽ മറ്റ് വ്യത്യസ്തമായ കാരണങ്ങളുണ്ട്. ഇവ മനസ്സിലാക്കി വേണ്ട പ്രതിവിധി ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.
ചില പോഷകങ്ങളുടെ അപര്യാപ്തത അകാല നരയുമായി ബന്ധപ്പെട്ട് വിദഗ്ധർ ചൂണ്ടിക്കാണിക്കാറുണ്ട്. ഇരുമ്പ്, കോപ്പർ, വിറ്റാമിൻ ബി, അയോഡിൻ, ഒമേഗ 3 എന്നീ പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ് മുടി നരയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ പോഷക സമൃദ്ധമായ ഭക്ഷണക്രമം ശീലമാക്കാൻ ശ്രദ്ധിക്കുക.
പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാം. അത്തരത്തില്‍ ഒന്നാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള പൊടിക്കൈ. ഇതിനായി രണ്ട് ബീറ്റ്റൂട്ടിന്‍റെ ജ്യൂസ്, അര കപ്പ് തേയില വെള്ളം അല്ലെങ്കില്‍ കാപ്പി, രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.
ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.