ദുൽഖർ ചിത്രം ലക്കി ഭാസ്കറിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ദുൽഖറിനെ പുകഴ്ത്തുന്ന അടുത്ത സുഹൃത്തുകൂടിയായ വിജയ് ദേവരകൊണ്ടെയുടെ വാക്കുകളും ദുൽഖറിന്റെ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സൗഹൃദമോ പരിചയമോ ഇല്ലാതിരുന്നപ്പോൾ പോലും താൻ ദുൽഖറിന്റെ സിനിമകൾ തേടിപിടിച്ച് ടോറന്റ് വെബ്സൈറ്റ് വഴി കാണുമായിരുന്നെന്ന് വിജയ് ദേവരകൊണ്ട പറയുന്നത്. മഹാനടിയിലും കൽക്കി 2898 എഡിയിലും ഒരുമിച്ച് അഭിനയിച്ചെങ്കിലും സ്ക്രീൻ പങ്കിടാനായില്ലെന്ന വിഷമവും താരം പങ്കുവെച്ചു.
‘ദുൽഖറിനെ ആദ്യമായി കാണുന്നത് മഹാനടിയുടെ സെറ്റിൽ വെച്ചാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ സുഹൃത്തുക്കളായി. സൗഹൃദം വളർന്നതോടെ സീതാരാമത്തിന്റെ സെറ്റിൽ പോയി വരെ ദുൽഖറിനെ കാണുമായിരുന്നു’- വിജയ് പറഞ്ഞു. മറുപടിയായി ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ദുൽഖർ പറഞ്ഞു. വിജയ് ദേവരകൊണ്ടയെ ‘ലക്കി ചാം’ എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്.
ചടങ്ങിൽ തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസും ദുൽഖറിനെ പ്രശംസിച്ച് സംസാരിച്ചു. ‘മമ്മൂട്ടിയുടെ ലെഗസിയെ മറികടക്കുക എളുപ്പമല്ല. എന്നാൽ ദുൽഖർ വേഗത്തിൽ തന്നെ സ്വന്തമായൊരു വഴി വെട്ടിത്തുറന്നു. പുതിയ കാലത്തിന്റെ നടനായി മാറി’- ത്രിവിക്രം ശ്രീനിവാസ് പറഞ്ഞു. ഒക്ടോബർ 31ന് റിലീസിനെത്തുന്ന ലക്കി ഭാസ്കറിൽ ദുൽഖറിന്റെ നായികയായെത്തുന്നത് മീനാക്ഷി ചൗധരിയാണ്.
STORY HIGHLIGHT: dulquer salmaan calls vijay deverakonda his lucky charm