തിരുവനന്തപുരം: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം തള്ളി സിപിഐ. പൂരം അലങ്കോലപ്പെട്ടന്ന കാര്യത്തിൽ സംശയമില്ല. പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ പറഞ്ഞു.
‘മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിത്. സംഘപരിവാറിന്റെ കൃത്യമായ ആസൂത്രണത്തോടെ വെടിക്കെട്ട് അടക്കമുള്ള പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയും അലങ്കോലപ്പെടുത്തുകയും അത് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അത് ഇപ്പോഴും പറയും നാളേയും പറയും എപ്പോഴും പറയും. അത് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ’, സുനില്‍ കുമാര്‍ പറഞ്ഞു.
എല്ലാ ദേവസ്വങ്ങളും സമയത്തിന് പൂരം എഴുന്നെള്ളിച്ചെങ്കിലും തിരുവമ്പാടിക്ക് ചില കാരണങ്ങളാൽ സമയക്രമം പാലിക്കാനായില്ല. തുടർന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ബാരിക്കേഡ് വലിച്ചുമാറ്റാനായിരുന്നു പിന്നീടുണ്ടായ ശ്രമം.
അവിടെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ജനങ്ങളുമായി ഉന്തും തള്ളും ചെറിയ തോതിൽ ലാത്തി ചാർജും ഉണ്ടായി. അതിന് പരിഹാരം ഉണ്ടാക്കുന്നതിന് പകരം നടന്നുകൊണ്ടിരിക്കുന്ന മേളം നിർത്തിവെക്കാനാണ് നിർദേശം കൊടുത്തത്. വെടിക്കെട്ട് അടക്കം നടത്തില്ല എന്ന് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിൽ ആരൊക്കെയാണെന്നും സുനിൽകുമാർ ചോദിച്ചു.
വെടിക്കെട്ട് അലങ്കോലപ്പെടുത്തി രാഷ്ട്രീയമായ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത സംഘ്പരിവാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സുനിൽകുമാർ പറഞ്ഞു.
പൂരത്തിന്റെ ആചാരങ്ങള്‍ തകര്‍ത്ത് പൂരത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് വി.എസ്. സുനില്‍ കുമാറിനെതിരേയും എല്‍.ഡി.എഫിനെതിരേയും എന്‍.ഡി.എ. സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തി. അതുവരെ പൂരത്തിന്റെ ഒരു ചടങ്ങിലും കാണാത്ത സ്ഥാനാര്‍ഥി ആംബുലന്‍സില്‍ വന്ന് ചര്‍ച്ച നടത്തി. അദ്ദേഹം തീരുമാനിച്ച പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോയി. പൂരത്തെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു. ഇത് ആര്‍ക്കുവേണ്ടിയാണ് നടത്തിയത്? ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കാര്യമാണെന്ന് യാതൊരു സംശയവുമില്ലാത്ത കാര്യമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.