Kerala

പീഡന പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസാണ് കേസ് ബെംഗളൂരു പൊലീസിന് കൈമാറിയത്.

അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ച് വരുത്തി അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു കേസ്. രണ്ട് ദിവസത്തിനകം പരാതിക്കാരനെയും പ്രതിയായ രഞ്ജിത്തിനെയും മൊഴിയെടുക്കാൻ വിളിപ്പിക്കും. ശനിയാഴ്ചയാണ് രഞ്ജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. പരാതി നല്‍കിയ ശേഷം സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് കർണാടക പൊലീസിന് കൈമാറുകയായിരുന്നു. കേരള പൊലീസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്.