ടെഹ്റാൻ: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാൻ. ഇസ്രായേല്‍ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഇറാന്റെ തിരിച്ചടിയെന്ന് വിദേശകാര്യ മന്ത്രി ഇസ്മയില്‍ ബഗായി വ്യക്തമാക്കി. ഫലപ്രദമായ രീതിയില്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ശനിയാഴ്ചയാണ് ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഒക്ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഏതാണ്ട് 180ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിനെതിരെ തൊടുത്തുവിട്ടത്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുടർന്നാണ് ശനിയാഴ്ച പുലർച്ചെ 2 മണിയോടെ ഇറാന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. നാല് ഇറാനിയൻ സൈനികർ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.