മഷ്റൂം കൊണ്ട് കട്‌ലറ്റ് തയ്യാറാക്കി നോക്കിയിട്ടുണ്ടോ? വളരെ രുചികരമായ ഒരു വിഭവമാണ്. വെജിറ്റേറിയന്‍ ഫുഡ് പ്രിഫര്‍ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവം കൂടിയാണ് മഷ്‌റൂം കട്‌ലറ്റ്. വളരെ എളുപ്പത്തില്‍ ഇത് നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- മഷ്‌റൂം
- സവോള
- പച്ചമുളക്
- മല്ലിയില
- മഞ്ഞള്‍പ്പൊടി
- മുളകുപൊടി
- ചിക്കന്‍ മസാല
- കുരുമുളകുപൊടി
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ചില്ലി ഫ്‌ളേക്‌സ്
- ഉരുളക്കിഴങ്ങ്
- ബ്രഡ്ഡ്
- മുട്ട
- എണ്ണ
തയ്യാറാക്കുന്ന വിധം
മഷ്‌റൂം കട്‌ലറ്റ് തയ്യാറാക്കുന്നതിന് ആദ്യം മഷ്‌റൂം എണ്ണയില്‍ ഇട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം. ശേഷം സവോള, പച്ചമുളക്, മല്ലിയില എന്നിവ ഒന്ന് വഴറ്റിയെടുക്കുക, ഇനി ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചിക്കന്‍ മസാല, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചില്ലി ഫ്‌ളേക്‌സ് എന്നിവ ഇട്ട് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇനി ഇതിലേക്ക് ടൊമാറ്റോ സോസ് കൂടി ചേര്‍ത്തു കൊടുക്കണം. ശേഷം നമ്മള്‍ മാറ്റി വെച്ചിരിക്കുന്ന മഷ്‌റൂം ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
ഇനി ഇതിനൊപ്പം ചേര്‍ക്കേണ്ടത് പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് ആണ്. കൂടെ ആവശ്യത്തിന് ഉപ്പും കൂടെ ചേര്‍ത്ത് നല്ലപോലെ ഇളക്കിയെടുക്കുക. മിക്‌സ് തയ്യാറായിക്കഴിഞ്ഞു. ഇനി നമ്മള്‍ ഒരു ബൗളിലേക്ക് ബ്രഡ് പൊടിച്ചതും മറ്റൊരു ബൗളിലേക്ക് മുട്ട ബീറ്റ് ചെയ്തതും എടുത്തുവെയ്ക്കുക. ശേഷം മാവ് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തിയശേഷം ബ്രഡില്‍ മുക്കി, ശേഷം മുട്ടയിലും മുക്കി ചൂടുള്ള എണ്ണയിലേക്ക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കാം.