തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലി ഇന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ പറഞ്ഞത്.
ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
ചെമ്പകവല്ലി കുത്തുവാക്ക് പറയുന്നതായി ശ്രുതി പലപ്പോഴും പരാതിപ്പെട്ടിരുന്നെങ്കിലും ഭർത്താവുമായി ഒത്തുപോകാനാണ് വീട്ടുകാർ നിർദ്ദേശിച്ചത്. ഇത്രയും കൊടിയ പീഡനം ശ്രുതി നേരിടുന്നതായി അറിഞ്ഞിരുന്നില്ലെന്നും കുടുബം പറഞ്ഞു. ശ്രുതിയുടെ മരണത്തിന് തൊട്ടുപിന്നാലെ സംഭവം വാർത്തയായതോടെയാണ് ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചത്.
കോയമ്പത്തൂരിൽ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.