കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന 26 സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈകോടതിയിൽ. സിനിമ കോൺക്ലേവ് ഉടൻ നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ടെന്നും ഇതിൽ 26 എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
10 കേസിൽ പ്രാഥമികാന്വേഷണം തുടങ്ങി. നാലു കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതെല്ലാമുൾപ്പെടെ 40 സംഭവങ്ങളിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തുന്നതായി സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
സിനിമ മേഖലയിലെ നിയമനിർമ്മാണത്തിനായി സാംസ്കാരിക വകുപ്പ് നിയമവകുപ്പിന്റെ സഹായം തേടിയതായി സർക്കാർ പറഞ്ഞു. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക നിയമമാണ് ആലോചനയിലുള്ളത്. പോഷ് ആക്ട് ബോധവൽക്കരണവും നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
18 കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ പേരുവിവരങ്ങളില്ല. ഇരകളുടെ മൊഴികളും റിപ്പോർട്ടിലെ അനുബന്ധ വിവരങ്ങളും പരിഗണിച്ചാണ് അന്വേഷണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹരജികളിലാണ് സർക്കാറിന്റെ വിശദീകരണം. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
മലയാള സിനിമയെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന് മുന്നോടിയായാണ് സിനിമ കോൺക്ലേവ് നടത്താൻ ഒരുങ്ങുന്നത്. സിനിമ കോൺക്ലവിൽ 300 ഡെലീഗറ്റുകൾ പങ്കെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.