മുംബൈ: ബാരാമതിയില്‍ തനിക്കെതിരേ പവാര്‍ കുടുംബത്തിലെ അംഗത്തെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ശരദ് പവാര്‍ കുടുംബത്തിലും ഭിന്നതയുണ്ടാക്കിയെന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍. ബാരാമതിയില്‍ പത്രിക സമര്‍പ്പിച്ച ശേഷം തിരഞ്ഞെടുപ്പ് കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അജിത് പവാര്‍.
മണ്ഡലത്തില്‍ തനിക്കെതിരേ വേറാരെയെങ്കിലും മത്സരിപ്പിക്കാന്‍ നേരത്തെ തന്നെ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ കൊച്ചുമകന്‍ യുഗേന്ദ്ര പവാറിനെ അദ്ദേഹം സ്ഥാനാര്‍ഥിയായി നിര്‍ത്തിയെന്നും അജിത് പവാര്‍ പറഞ്ഞു. ഇതിലൂടെ ശരദ് പവാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അജിത് പവാര്‍ ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ സഹോദരിക്കെതിരെ ഭാര്യയെ നിർത്തിയത് തന്റെ തെറ്റായിരുന്നുവെന്നും അതിന് ക്ഷമചോദിച്ചതാണെന്നും പറഞ്ഞ അജിത് അതേ തെറ്റ് ‘അവരും’ ആവർത്തിക്കുകയാണെന്ന് ആരോപിച്ചു.
‘ഞാനും കുടുംബവും ഇവിടെ മത്സരിക്കാൻ തീരുമാനിച്ചതാണ്. അജിത് പവാറിനെതിരെ ആരും മത്സരിക്കരുതെന്ന് അമ്മ പറഞ്ഞതാണ്. പിന്നീടാണ് ഞാൻ കേട്ടത് സാഹെബ് (ശരദ് പവാർ) എനിക്കെതിരെ മത്സരിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടുവെന്ന്’-തൊണ്ട ഇടറിയും വെള്ളം കുടിച്ചും അജിത് പറഞ്ഞു.
അജിത് പവാറിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്ര പവാറാണ് പവാർ പക്ഷ സ്ഥാനാർഥി. അമ്മക്ക് 86 വയസ്സായെന്നും അവരെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ശ്രീനിവാസ് പവാർ പ്രതികരിച്ചു. ശരദ് പവാറിന്റെയും സുപ്രിയ സുലെയുടെയും സാന്നിധ്യത്തിൽ യുഗേന്ദ്ര പവാറും തിങ്കളാഴ്ച പത്രിക സമർപ്പിച്ചു.