Kerala

നീലേശ്വരം വീരകാവ് ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീപിടിച്ചു; നൂറിലേറെ പേർക്ക് പരുക്ക് | Firecracker room caught fire at Kasargod Neeleswaram Veerarkav temple

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. നൂറിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികൾ, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചു. ചിലരുടെ നില ഗുരുതരമെന്നാണു സൂചന.

രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. ജില്ലയിലെ ആംബുലൻസുകളോട് ജില്ലാ ആശുപത്രിയിലും സംഭവസ്ഥലത്തുമായി എത്തിച്ചേരാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നി​ഗമനം.