ദൈനംദിന ജീവിതത്തിൽ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കാത്തവർ കുറവാണ്. നിരവധി പോഷക ഗുണങ്ങളുടെ കലവറയാണ് പാൽ. ആരോഗ്യത്തിന് പല രീതിയിൽ ഗുണം ചെയുന്ന പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ പാലിൽ ഉൾപ്പെട്ടിരിക്കുന്നു. പേശികളെ ശക്തിപ്പെടുത്താനും മസ്തിഷ്കം നന്നായി പ്രവർത്തിക്കാനും പാൽ ഗുണം ചെയ്യും. പാലിൽ വിറ്റാമിൻ ഡി സാന്നിധ്യവുമുണ്ട്.
എന്നാൽ പലരിലും രാവിലെ വെറും വയറ്റിൽ പാൽ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ പാൽ കുടിക്കാമോ എന്ന സംശയം ഇന്നും നിലനിൽക്കുന്ന ഒന്നാണ്. അതിന് വ്യക്തമായ ഒരു ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. രാവിലെ പാൽ കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗുണം
രാവിലെ വെറും വയറ്റിൽ പാൽ കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. കൂടാതെ ദുർബലമായ എല്ലുകൾക്ക് ജീവൻ നൽകുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ദോഷങ്ങൾ
ചിലർക്ക് രാവിലെ വെറും വയറ്റിൽ പാൽ കുടിച്ചാൽ ലാക്ടോസ് ഇല്ലായ്മ ഉണ്ടാകാം. വയറുവേദന, വയറിളക്കം, അല്ലെങ്കിൽ ഗ്യാസ് എന്നിവയ്ക്കും കാരണമാകുന്നു. വെറും വയറ്റിൽ പാൽ കുടിക്കാൻ ആഗ്രഹിക്കുന്നവർ തണുത്ത പാൽ കുടിക്കാൻ ശ്രദ്ധിക്കുക. ഇത് അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകില്ല.വെറും വയറ്റിൽ പാൽ കുടിക്കുന്നത് ചില മരുന്നുകൾ അല്ലെങ്കിൽ ഇരുമ്പ് പോലുള്ള പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തിയേക്കാം. വെറും വയറ്റിൽ സ്ഥിരമായി പാൽ കുടിച്ചാൽ ശരീരഭാരം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.
രാത്രിയിൽ ഉറങ്ങും മുൻപ് പാൽ കുടിച്ചാൽ
രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ, അത് പലർക്കും നിർബന്ധമാണ്. പല ഗുണങ്ങൾ ചൂണ്ടിക്കാട്ടി നാം തുടങ്ങിയ ഈ ശീലത്തിന് ആരോഗ്യഗുണങ്ങൾ നിരവധി ആണ്. പാലിനൊപ്പം മേമ്പൊടിക്ക് മഞ്ഞൾപൊടി, ഏലയ്ക്ക, കുരുമുളക് എന്നിവ കൂടിയാകുമ്പോൾ ഗുണം ഇരട്ടിക്കുമെന്ന് തന്നെ പറയാം. പക്ഷെ ഓരോന്നിനും ഓരോ ഗുണമാണെന്ന് മറക്കേണ്ട. ഇനി ഇവയ്‌ക്കൊന്നും നൽകാൻ കഴിയാത്ത പാലിനൊപ്പം ചേർക്കാൻ സാധിക്കുന്ന ഒരുഗ്രൻ ചേരുവയുണ്ട്. അധികം ആരും ശീലിക്കാത്തതും എന്നാൽ ഒരുപാട് ഗുണങ്ങളടങ്ങിയതുമായ നെയ്യ് തന്നെ.
ചൂട് പാലിൽ നെയ്യ് ചേർത്ത് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ ചില്ലറയല്ല. സന്ധികളുടെ ആരോഗ്യം, പ്രതിരോധശേഷി, ചർമസംരക്ഷണം, ദഹനം എന്നീ കാര്യങ്ങൾ മെച്ചപ്പെടുത്താൻ നെയ്യ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും.14 ഗ്രാം അഥവാ 1 ടേബിൾസ്പൂൺ നെയ്യിൽ നിന്ന് എത്രത്തോളം പോഷണമാണ് കിട്ടുന്നതെന്ന് അറിയുമോ? എന്തൊക്കെയാണ് നെയ്യിൽ അടങ്ങിയിരിക്കുന്നതെന്ന് അറിയാം
കാലറി – 112
ഫാറ്റ് – 12.7 ഗ്രാം
കൊളസ്ട്രോൾ – 33 മില്ലിഗ്രാം
വൈറ്റമിൻ എ – 108 മൈക്രോഗ്രാം
വൈറ്റമിൻ ഇ – 0.3 മില്ലിഗ്രാം
വൈറ്റമിൻ കെ – 1.3 മൈക്രോഗ്രാം
പാലിൽ നിന്നാണ് ഉണ്ടാക്കുന്നതെങ്കിലും നെയ്യിൽ ലാക്ടോസ്, കസീൻ എന്നിവ അടങ്ങിയിട്ടില്ല. അത്കൊണ്ടുതന്നെ പാല്‍ ഉത്പന്നങ്ങൾ കഴിക്കാൻ കഴിയാത്തവർക്കു പോലും നെയ്യ് ഉപയോഗിക്കാം. രാത്രി കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ അൽപം നെയ്യ് ചേർത്ത് കഴിച്ചാൽ ഈ ഗുണങ്ങൾ നേടാം:
∙ദഹനം മെച്ചപ്പെടും
ദഹനത്തെ ത്വരിതപ്പെടുത്തുന്നു എന്നതാണ് നെയ്യ് പാലിൽ ചേർത്ത് കുടിച്ചാലുള്ള ഏറ്റവും വലിയ ഗുണം. ദഹനനാളത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ബ്യൂട്ടിറിക് ആസിഡ് ധാരാളമായി നെയ്യിലുണ്ട്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ബ്യൂട്ടറിക് ആസിഡ് സഹായിക്കുന്നു. അതുകൊണ്ട് രാത്രി പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്.
∙മെറ്റബോളിസം കൂട്ടുന്നു
പെട്ടെന്ന് ദഹിക്കുകയും ഊർജമാവുകയും ചെയ്യുന്ന കൊഴുപ്പാണ് നെയ്യിൽ അടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ നെയ്യ് സഹായിക്കും.
∙സന്ധി വേദന കുറയ്ക്കുന്നു
സന്ധി വേദന, സന്ധി മുറുക്കം എന്നിവയുള്ള വ്യക്തികൾക്ക് ആശ്വാസം നൽകാൻ ചൂടു പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് സഹായകമാകും. ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ധാരാളമായുള്ള ഒമേഗ 3 ഫാറ്റി ആസിഡ് സന്ധിവേദന കുറയ്ക്കും. വാതസംബന്ധമായ ബുദ്ധിമുട്ടുകളിൽനിന്ന് ആശ്വാസം ലഭിക്കാനും ഈ പാനീയം നല്ലതാണ്.
∙സൗന്ദര്യം കൂട്ടും
അകമേയുള്ള ആരോഗ്യം മാത്രമല്ല പുറമേയുള്ള സൗന്ദര്യം വർധിപ്പിക്കാനും പാലിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് നല്ലതാണ്. തിളക്കമുള്ള ചർമത്തിന് ആവശ്യമായ വൈറ്റമിൻ എ, ഡി, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിനു സ്വാഭാവിക ഭംഗി നൽകാൻ ഈ പാനീയം ബെസ്റ്റാണ്.
∙ശരീരഭാരം കുറയാൻ സഹായിക്കും
പൊതുവേ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നെയ്യ് കഴിക്കാറില്ല. തടിയും ഭാരവും കൂടുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതല്ല യാഥാർഥ്യം. മിതമായ രീതിയിൽ നെയ്യ് കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്. പെട്ടെന്നു വയറു നിറഞ്ഞതായി തോന്നിക്കാനും കൂടുതൽ കാലറി അകത്തെത്താതിരിക്കാനും നെയ്യിനു സഹായിക്കാനാവും.
∙ഉറക്കം മെച്ചപ്പെടുത്തും
ചെറു ചൂടുള്ള പാലിൽ അൽപം നെയ്യ് ചേർത്ത് കുടിച്ചാൽ നല്ല ഉറക്കം കിട്ടും. പാലിലും നെയ്യിലും ട്രിപ്റ്റഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് റിലാക്സ് ചെയ്യാനും ഉറങ്ങാനും സഹായിക്കും.
content highlight: drink-milk-on-morning-free-stomech