ന്യൂയോര്‍ക്ക്: ഫലസ്തീന് ഐക്യദാര്‍ഢ്യവുമായ ഇസ്രായേല്‍ പ്രസാധകരെ ബഹിഷ്കരിച്ച് ആയിരത്തിലധികം എഴുത്തുകാര്‍. നോബേൽ, പുലിസ്റ്റര്‍, ബുക്കർ പ്രൈസ് തുടങ്ങി വിവിധ പുരസ്കാരങ്ങള്‍ നേടിയവരുൾപ്പെടെയാണ് ഇസ്രായേല്‍ പ്രസാധകരെ കൂട്ടത്തോടെ ബഹിഷ്കരിക്കുന്നത്.
ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്കാരിക ബഹിഷ്കരണമായാണ് പ്രഖ്യാപനത്തെ വിലയിരുത്തുന്നത്. ഐറിഷ് എഴുത്തുകാരി സാലി റൂണി, ഫ്രഞ്ച് എഴുത്തുകാരി ആനി എർണാക്‌സ്, ഇന്ത്യയുടെ അരുന്ധതി റോയ്, വിയറ്റ്നാമീസ്-അമേരിക്കൻ പ്രൊഫസറും നോവലിസ്റ്റുമായ വിയറ്റ് തൻ ഗുയെൻ, ഇംഗ്ലീഷ് എഴുത്തുകാരനായ മാക്‌സ് പോർട്ടർ, വിയറ്റ്നാമീസ് അമേരിക്കൻ കവി ഓഷ്യൻ വൂങ്, അമേരിക്കൻ എഴുത്തുകാരനായ പെർസിവൽ എവററ്റ്, തുടങ്ങി 1,100ലധികം എഴുത്തുകാരാണ് ബഹിഷ്കരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഫലസ്തീനികളെ അടിച്ചമർത്തുന്നതിനും അവരെ പുറംതള്ളുന്നതിനും കൂട്ടുനിൽക്കുന്ന ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങളുമായി പ്രവർത്തിക്കില്ലെന്നാണ് എഴുത്തുകാര്‍ വ്യക്തമാക്കുന്നത്. പ്രസാധകര്‍ക്ക് പുറമെ, സാംസ്കാരിക മേഖലയിലെ ഒരു പരിപാടിയുമായും സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
‘ഗസ്സയെ വാസയോഗ്യമല്ലാതാക്കി മാറ്റിയിരിക്കുകയാണ് ഇസ്രായേല്‍. ഒക്ടോബറിനുശേഷം എത്ര ഫലസ്തീനികളെ ഇസ്രായേൽ കൊന്നുവെന്നതിന് കൃത്യമായ കണക്കില്ല. മരിച്ചവരെ കണക്കാക്കാനും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ തകർത്തു. ഗസ്സയില്‍ ഇസ്രായേൽ കുറഞ്ഞത് 43,362 ഫലസ്തീനികളെ കൊന്നിട്ടുണ്ടെന്നാണ് പറയുന്നത്. ഈ നൂറ്റാണ്ടിൽ കുട്ടികൾക്കെതിരായ ഏറ്റവും വലിയ യുദ്ധമാണിത്’- എഴുത്തുകാര്‍ വ്യക്തമാക്കുന്നു.
ഇസ്രായേലിന്റെ സാംസ്‌കാരിക സ്ഥാപനങ്ങൾ പ്രത്യേകിച്ച് ഭരണകൂടവുമായി നേരിട്ട് പ്രവർത്തിക്കുന്നവർക്ക് ഈ അക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പതിറ്റാണ്ടുകളായി ഫലസ്തീൻ ജനത അനുഭവിക്കുന്ന എല്ലാത്തരം വിവേചനങ്ങളോടും അവർ മുഖം തിരിച്ചുനിൽക്കുകയാണ്. ഒന്നും മിണ്ടാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്. അവരുടെ ഈ വിവേചനങ്ങളെ ചോദ്യംചെയ്യാതെ ഇസ്രായേലി സ്ഥാപനങ്ങളുമായി സഹകരിക്കാനാകില്ലെന്നും എഴുത്തുകാർ വ്യക്തമാക്കുന്നു.