വിറ്റാമിൻ D ‘സൺഷൈൻ’ വിറ്റാമിനെന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുന്നതിനും മറ്റ് ആരോഗ്യപരമായ ഗുണങ്ങൾക്കും ഈ വിറ്റാമിൻ സഹായകമാണ്. സൂര്യപ്രകാശം വിറ്റാമിൻ D യുടെ ഉറവിടമാണെങ്കിലും ഇതിനുപകരം ആശ്രയിക്കാവുന്ന ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞ ഭാഗത്താണ് വിറ്റാമിൻ D ധാരാളമായി അടങ്ങിയിരിക്കുന്നത്. ഒരു മുട്ടയിൽ ശരാശരി 10 മുതൽ 20 IU വരെ അടങ്ങിയിരിക്കാം. മുതിർന്നവരുടെ ഭക്ഷണത്തിൽ പ്രതിദിനം 600 മുതൽ 800 IU വരെ വിറ്റാമിൻ D ആണ് ആവശ്യമായുള്ളത് .
എന്നാൽ കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് കോഴി കഴിക്കുന്ന ഭക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിൻ D അടങ്ങിയ തീറ്റകഴിക്കുകയോ സൂര്യപ്രകാശം ലഭിക്കുകയോ ചെയ്യുന്ന കോഴികൾ വിറ്റാമിൻ D യുടെ അളവ് കൂടുതലുള്ള മുട്ടകൾ ഉത്പാദിപ്പിക്കുന്നു. സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ പുറത്ത് വളർത്തുന്ന കോഴികളും പ്രത്യേക ഇനത്തിൽപ്പെട്ട കോഴികളും ഉയർന്ന അളവിൽ വിറ്റാമിൻ D അടങ്ങിയ മുട്ട ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിലുള്ള മുട്ടകൾക്ക് വിപണിയിൽ വലിയ വലിയ വില ഈടാക്കുന്നുമുണ്ട്.
മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ D ശരീരത്തിലെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ആരോഗ്യകരവും ദൃഢവുമായ എല്ലുകൾക്കും പല്ലുകൾക്കും ഇത് ആവശ്യമാണ്. അസ്ഥികളെ ബാധിക്കുന്ന ഓസ്റ്റിയോപോറോസിസ് എന്ന അവസ്ഥയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാനും മുട്ട കഴിക്കുന്നത് നല്ലതാണ്.