പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024ന് നാളെ സമാപനം. വൈകുന്നേരം 2.3 ന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മാനദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. പട്ടിക ജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പു മന്ത്രി ഒ ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ കളിക്കളം 2024ന്റെ സ്മരണിക പ്രകാശനം ചെയ്യും.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജ് കായിക യുവജന ക്ഷേമ വകുപ്പ് ഡയറക്ടര്‍ വിഷ്ണു രാജ് പി, കാര്യവട്ടം എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പല്‍ ജി കിഷോര്‍, കാര്യവട്ടം എല്‍ എന്‍ സി പി ഇ ഡയറക്ടര്‍ ദണ്ഡപാണി, പട്ടിക വര്‍ഗ വികസന വകുപ് ജോയിന്റ് ഡയറക്ടര്‍ ശ്രീരേഖ കെ എസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.
കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌ക്കാരം മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്യും. കളിക്കളത്തിന്റെ അവസാന ദിവസമായ ഇന്ന് ( ഒക്ടോബര്‍ – 30 ) ഡിസ്‌കസ് ത്രോ, ട്രിപ്പിള്‍ ജമ്പ്, 200 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം, 4 x 400 മീറ്റര്‍ റിലേ എന്നീ മത്സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും.
ഓര്‍മ്മകള്‍ പങ്കുവെച്ച് കെ.വി. ധനേഷ്
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ.വി ധനേഷ് തന്റെ കുഞ്ഞു കായിക താരങ്ങളുമായി ഇത്തവണയും മെഡലുകള്‍ വാരിക്കൂട്ടാന്‍ കളിക്കളത്തില്‍ എത്തി. ഇത്തവണ പരിശീലകനായും കളിക്കളം സ്പോര്‍ട്‌സ് മീറ്റ് കണ്ടക്ടിങ് ഡയറക്ടര്‍ എന്ന നിലയിലുമാണ് അദ്ദേഹം കളിക്കളത്തില്‍ നിറ സാന്നിധ്യമാകുന്നത്. പത്തു വര്‍ഷത്തോളം ഇന്ത്യന്‍ ഫുട്‌ബോള്‍ ജേഴ്സിയണിഞ്ഞ്, രണ്ടു വര്‍ഷം ക്യാപ്റ്റനായി തിളങ്ങിയ ഫുട്‌ബോളിലെ സൂപ്പര്‍ താരമായിരുന്നു കെ വി ധനേഷ്. മറ്റ് കായിക മേളകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത മത്സരാര്‍ത്ഥികള്‍ക്ക് കളിക്കളം പോലുള്ള വേദികള്‍ മികച്ച അവസരം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
പട്ടിക വര്‍ഗ വകുപ്പിനു കീഴിലുള്ള കാസര്‍ഗോഡ് ഇ എം ആര്‍ എസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം 14 ജില്ലകളില്‍ നിന്നുള്ള പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 6 മുതല്‍ എട്ടാം ക്ലാസുവരെയുള്ളതും കായിക മികവു പുലര്‍ത്തുന്നതുമായ 30 പെണ്‍കുട്ടികളെയും 30 ആണ്‍ കുട്ടികളെയും തിരഞ്ഞെടുത്ത് ഇവിടെ പരിശീലനം നല്‍കുന്നുമുണ്ട്.
1994ല്‍ 19-ാം വയസ്സില്‍ തന്റെ കരിയര്‍ ആരംഭിച്ചു. പിന്നീട് 2002ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി. ജെ.സി.ടി ഫഗ്വാര, ഈസ്റ്റ് ബംഗാള്‍, എഫ്.സി കൊച്ചിന്‍, മോഹന്‍ ബഗാന്‍, ഐ.ടി.ഐ ബംഗളൂരു, കണ്ണൂര്‍ കെല്‍ട്രോണ്‍, യുണൈറ്റഡ് ക്ലബ്, ഫുട്ബോള്‍ ഫ്രന്‍ഡ്സ് തുടങ്ങിയ ക്ലബുകള്‍ക്കായി ധനേഷ് കളിച്ചിട്ടുണ്ട്. 1995 സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും 1999 വെങ്കലവും നേടിയിട്ടുണ്ട്. 1997ല്‍ സാഫ് ചാംപ്യന്‍ഷിപ്പും നേടി. കേരളം, കര്‍ണാടകം, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്കായി സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS;The ‘playground’ will be flagged off tomorrow: Former Indian captain KV Dhanesh will be an active presence