ഇറാഖിൽ ലോകത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിയുടെ ഭാഗമായി ഖത്തർ എനർജി. ടോട്ടൽ എനർജിയുമായി ചേർന്ന് 1.25 ജിഗാവാട്ടിന്റെ പദ്ധതിയാണ് തുടങ്ങുന്നത്. ഇറാഖിലെ ബസ്‌റ മേഖലയുടെ ഊർജ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് വൻകിട സൗരോർജ പദ്ധതി വരുന്നത്. നിർമാണത്തിന്റെ 50 ശതമാനം ചെലവ് ഖത്തർ എനർജിയും ശേഷിച്ച 50 ശതമാനം ടോട്ടൽ എനർജിയും വഹിക്കും. ഇരുപത് ലക്ഷത്തോളം പാനലുകളാണ് പദ്ധതിക്കായി ഉപയോഗിക്കുക.
അടുത്ത വർഷം നിർമാണം തുടങ്ങി രണ്ട് വർഷത്തിനകം പൂർത്തിയാകുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷത്തോളം കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇറാഖിന്റെ ഗ്യാസ് ഗ്രോത്ത് ഇന്റഗ്രേറ്റഡ് പ്രോജക്ടിനെറ ഭാഗമായാണ് സൗരോർജ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ഇറാഖ് അയൽ രാജ്യങ്ങളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്.