തിരുവനന്തപുരം: പൂരം കലങ്ങിയില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയെ പരസ്യമായി തള്ളി റവന്യുമന്ത്രി കെ രാജൻ. പൂരം കലക്കിയത് തന്നെയാണെന്നും കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും രാജൻ വിമർശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാൻ ഉള്ളതെല്ലാം പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ത്രിതല അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനാവശ്യമായി വിവാദത്തിന് തുടക്കമിട്ടെന്നാണ് സിപിഐ കരുതുന്നത്. ഇടത് മുന്നണി നേതൃത്വത്തെ പ്രതിഷേധം അറിയിക്കണമെന്ന അഭിപ്രായമടക്കം സിപിഐയിൽ ഉയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് കാലമായത് കൊണ്ടാണ് കൂടുതൽ കടുപ്പിക്കാത്തത്. പക്ഷെ പാർട്ടി നിലപാട് പരസ്യമാക്കി പോകാനാണ് തീരുമാനം.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം തള്ളി സിപിഐ മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. പൂരം അലങ്കോലപ്പെട്ടന്ന കാര്യത്തിൽ സംശയമില്ല. പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. വെടിക്കെട്ട് നടത്താൻ ഏഴര മണിവരെ നീണ്ടാൽ അലങ്കോലപ്പെട്ടുവെന്ന് തന്നെയാണ് അർഥമെന്നും വി.എസ് സുനിൽകുമാർ പറഞ്ഞു.
പൂരം അടിമുടി അലങ്കോലപ്പെട്ടുവെന്ന പ്രചാരണത്തോട് യോജിപ്പില്ല. പക്ഷേ, പൂരത്തിന്റെ പ്രധാന ചടങ്ങുകൾ അലങ്കോലപ്പെട്ടു. എല്ലാ ദേവസ്വങ്ങളും സമയത്തിന് പൂരം എഴുന്നെള്ളിച്ചെങ്കിലും തിരുവമ്പാടിക്ക് ചില കാരണങ്ങളാൽ സമയക്രമം പാലിക്കാനായില്ല. തുടർന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം ബാരിക്കേഡ് വലിച്ചുമാറ്റാനായിരുന്നു പിന്നീടുണ്ടായ ശ്രമം.
അവിടെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ജനങ്ങളുമായി ഉന്തും തള്ളും ചെറിയ തോതിൽ ലാത്തി ചാർജും ഉണ്ടായി. അതിന് പരിഹാരം ഉണ്ടാക്കുന്നതിന് പകരം നടന്നുകൊണ്ടിരിക്കുന്ന മേളം നിർത്തിവെക്കാനാണ് നിർദേശം കൊടുത്തത്. വെടിക്കെട്ട് അടക്കം നടത്തില്ല എന്ന് തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിൽ ആരൊക്കെയാണെന്നും സുനിൽകുമാർ ചോദിച്ചു.