കണ്ണൂർ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കീഴടങ്ങിയ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിക്കുക. അടുത്ത മാസം 12-ാം തീയതി വരെയാണ് റിമാൻഡ്.
കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പിപി ദിവ്യ നാളെ തലശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരത്ത് വച്ച് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടികളിൽ വീഴ്ചയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്.
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരം പൊലീസിൽ ദിവ്യ കീഴടങ്ങിയത്. കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തു. തുടർന്നാണ് മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയത്.