ന്യൂഡൽഹി: 32 എയർ ഇന്ത്യ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്നും യാത്രതിരിച്ച ഏഴോളം വിമാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 400 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇത് വ്യോമയാന മേഖലയിൽ ആകെ ആശങ്കയുണ്ടാക്കിയിരുന്നു. തുടർന്ന് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് കർശനമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
വിമാന സർവിസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും ഐ.ടി മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വ്യാജ ബോംബ് ഭീഷണിയുൾപ്പെടെ കാര്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ജാഗരൂകരാകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. പങ്കുവെക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ടുതന്നെ ഇത്തരം ഭീഷണികൾ കൂടുതൽ ആളുകളിലേക്കെത്തുകയും വലിയ ഭീതിക്ക് കാരണമാവുകയും ചെയ്യുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.