Kerala

തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്ടറുടെ മൊഴി; കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമല്ലെന്ന് കോടതി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. ചടങ്ങിന് ശേഷം കളക്ടറുടെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തെറ്റ് എന്ന് നവീന്‍ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടില്ല. തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറയുന്നത് അഴിമതി നടത്തിയെന്നാണെന്ന് കരുതാനാവില്ല എന്ന് കോടതി പറഞ്ഞു.

മരിച്ച വ്യക്തി സത്യസന്ധതയില്ലാത്ത ആളാണെന്നോ കൈക്കൂലി വാങ്ങിയെന്നോ ദിവ്യയ്ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ നിയമവഴി സ്വീകരിക്കേണ്ടിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിന്റേതായ സംവിധാനങ്ങളും അധികാരികളുമുണ്ട്. ആരും നിയമം കൈയിലെടുക്കാന്‍ പാടില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ടായിരുന്നെങ്കില്‍, ദിവ്യയെപ്പോലെ അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തക ഉചിതമായ ഫോറത്തേയോ അധികാരികളേയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത്. അങ്ങനെ ചെയ്യുന്നതിന് പകരം, അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കുയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് അധിക്ഷേപപരാമര്‍ശം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് എ.ഡി.എം. എന്‍.ഒ.സി. ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ദിവ്യ തന്നോട് പറഞ്ഞതായി കളക്ടര്‍ മൊഴി നല്‍കി. ഇക്കാര്യത്തില്‍ പരാതിക്കാരുടെ രേഖാമൂലമുള്ള പരാതിയോ തെളിവോ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ ദിവ്യ പരാതി പരിശോധിക്കണമെന്ന്‌ പറഞ്ഞു. തെളിവോ വ്യക്തമായ ബോധ്യമോ ഇല്ലെങ്കില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയതായി വിധി പകര്‍പ്പില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് പിന്നാലെ ദിവ്യയെ കസ്റ്റഡിയിലെടുത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം കണ്ണൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു.