Celebrities

‘എന്റെ ജീവിതത്തില്‍ ഇന്നുവരെ ഇത്തരമൊരു മൊമന്റ് ഉണ്ടായിട്ടില്ല’: ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എംജി ശ്രീകുമാര്‍

തുടര്‍ന്നുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ ഇനി ഉണ്ടാകുമായിരിക്കാം

മലയാളികള്‍ക്ക് വളരെ സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. പിന്നണിഗാനരംഗത്തും ടെലിവിഷന്‍ ഷോയിലെ ജഡ്ജായും ഒക്കെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. എംജി ശ്രീകുമാറിന്റെ ഗാനമേളകള്‍ക്കും ആരാധകര്‍ ഏറെയാണ്. ക്ലാസിക്കല്‍ ഗാനത്തോടൊപ്പം തന്നെ അടിച്ചുപൊളിപ്പാട്ടുകളും വളരെ അനായാസം കൈകാര്യം ചെയ്യുന്നത് നടനാണ് എം ജി ശ്രീകുമാര്‍. ഇപ്പോള്‍ ഇതാ എംജി ശ്രീകുമാര്‍ ജീവിതത്തിലെ പുതിയ ഒരു സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. ഷാര്‍ജയിലെ ഒരു സംഗീത പരിപാടിക്കിടയില്‍ നടന്ന അത്യപൂര്‍വ്വ നിമിഷത്തെ കുറിച്ചാണ് എം ജി ശ്രീകുമാര്‍ സംസാരിക്കുന്നത്.

‘ഞാനിപ്പോള്‍ ഗാനരംഗത്ത് നാല്‍്പത്തിയഞ്ച് വര്‍ഷം പിന്നിട്ടു കഴിഞ്ഞു. നാല്‍പതാം വര്‍ഷത്തിന്റെ ഒരു പ്രോഗ്രാം കലിഡിയോ സ്‌കോപ് മീഡിയ ഈവന്റ് എന്ന് പറയുന്ന കമ്പനി ഷാര്‍ജയില്‍ നടത്തി. ഒട്ടേറെ ആള്‍ക്കാരുണ്ടായിരുന്നു വേദിയില്‍. ആ പരിപാടി ഉദ്ഘാടനം ചെയ്തത് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മര്‍സൂഖി ആയിരുന്നു. ഷാര്‍ജ ഭരണാധികാരിക്ക് ഒട്ടനവധി സ്‌കൂളുകളുണ്ട്. അതെല്ലാം മാനേജ് ചെയ്യുന്നത് ഇദ്ദേഹമാണ്. ‘സ്വാമിനാഥ പരിപാലയ..’ ആണ് ഞാന്‍ വേദിയില്‍ പാടിയത്. അത് കേട്ട ഉടന്‍ അദ്ദേഹം സ്റ്റേജിലെത്തി, പ്രശംസിച്ചു.’

‘ശേഷം അദ്ദേഹത്തിന്റെ സ്‌കൂളിന്റെ ഒരു പങ്കാളിയാക്കുകയും എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ എന്നെ ഒരു ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ ഇനി ഉണ്ടാകുമായിരിക്കാം. എന്റെ ജീവിതത്തില്‍ ഇന്നുവരെ ഇത്തരമൊരു മൊമന്റ് ഉണ്ടായിട്ടില്ല. കേരളത്തിനകത്തും പുറത്തും ഒട്ടേറെ പ്രോഗ്രാം ചെയ്തിട്ടുള്ളൊരു ആളാണ് ഞാന്‍. മുന്‍പെങ്ങും ഇത്തരമൊരു കാര്യം നടന്നിട്ടില്ല. ഇങ്ങനെ ഒരു വലിയ അംഗീകാരം ഷാര്‍ജ എച്ച്. ഇ. മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മര്‍സൂഖി എനിക്ക് തന്നതില്‍ ഒരുപാടു സന്തോഷം.’ എം ജി ശ്രീകുമാര്‍ പറഞ്ഞു. പ്രമുഖ വാര്‍ത്താ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.