ഗസ സിറ്റി: വടക്കൻ ഗസയിൽ തിങ്കളാഴ്ച രാത്രി നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു. ബെയ്ത്ത് ലാഹിയയിലെ അഞ്ചുനില കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 25 കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.
സംഭവം നടക്കുന്ന സമയം കെട്ടിടത്തിൽ 300നും 400നുമിടയിൽ ആളുകളുണ്ടായിരുന്നതായാണ് വിവരം. രാത്രിയായതിനാൽ നല്ല ഉറക്കത്തിലായിരുന്നു എല്ലാവരും. ഈ കെട്ടിടം അബു നാസർ എന്നയാളുടേതാണെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ 93 പേർ കൊല്ലപ്പെട്ടതായും നാല്പ്പതിലധികം പേരെ കാണാതായതായും 150 പേർക്ക് പരിക്കേറ്റതായും ഫലസ്തീനിയൻ ആരോഗ്യമന്ത്രാലയം പറയുന്നു. വേണ്ടത്ര ചികിത്സ കിട്ടാതെയാണ് ബെയ്ത്ത് ലാഹിയ ആക്രമണത്തിൽ മിക്കവരും മരിച്ചതെന്നാണ് ഗസ്സയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.