കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ അടക്കം എട്ടുപേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാടി സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് 154 പേർക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴി വച്ചതെന്നാണ്
പ്രാഥമിക വിവരം. പരിക്കേറ്റവർ കേരളത്തിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം പുറപ്പാടിനിടെ പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തീപ്പൊരി കെട്ടിടത്തിലേക്ക് വീണായിരുന്നു അപകടം. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിച്ചു. കെട്ടിടത്തിനു സമീപം തെയ്യം കാണാൻ നൂറുകണക്കിനുപേർ കൂടി നിന്നിരുന്നു. ഇവർക്കാണ് പരിക്കേറ്റത്. ചിതറിയോടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടും ചിലർക്ക് പരിക്കേറ്റു. കാസർകോട് അഡി. എസ്.പി പി.ബാലകൃഷ്ണൻ നായർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.