Kerala

ദിവ്യ ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും; ജാമ്യാപേക്ഷയ്‌ക്കെതിരെ കക്ഷിചേരാന്‍ നവീന്റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും.അതേസമയം, പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. ജാമ്യാപേക്ഷയ്‌ക്കെതിരെ നവീന്റെ മഞ്ജുഷ കക്ഷിചേരും. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

എഡിഎമ്മിന്റെ മരണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്നുവെന്നും മഞ്ജുഷ പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരത്ത് വച്ച് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടികളിൽ വീഴ്ചയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്.

ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വെെകിയതെന്നും കമ്മീഷണർ പ്രതികരിച്ചു. പൊലീസ് റിപ്പോർട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇത് പരിഗണിച്ചാണ് മുൻകൂർ ജാമ്യം തള്ളിയതെന്നും കമ്മീഷണർ പറഞ്ഞു.

എഡിഎമ്മിനെ അപമാനിക്കാൻ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനംനൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.