ലോകത്തിലെ ഏറ്റവും ചെറിയ മ്യൂസിയം കാണണമെങ്കിൽ യുകെയിലേക്ക് പോകണം . യു കെയിലെ എസക്സിൽ സതേൻഡ് ഓൺ സീ എന്ന മനോഹരമായ പട്ടണത്തിലാണ് ഈ കൊച്ചു മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആ കുഞ്ഞ് മ്യൂസിയം. അതാണ് ക്ലിഫ്ടൗൺ ടെലിഫോൺ മ്യൂസിയം. ഒരു ചുവന്ന ബ്രിട്ടീഷ് ടെലിഫോൺ ബൂത്ത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ മ്യൂസിയങ്ങളിൽ ഒന്നാണ്. പക്ഷേ, അതിശയിപ്പിക്കുന്ന ചരിത്രവും വിചിത്ര സ്വഭാവവും ആണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകത. ക്ലിഫ് ടൗൺ ടെലിഫോൺ മ്യൂസിയം നിങ്ങളെ ഒരുപാട് പഴയകാലത്തേക്കു കൊണ്ടു പോകും. കഴിഞ്ഞുപോയ ഒരു യുഗത്തിന്റെ മനോഹരമായ ഒരു ഓർമയാണ് ഇത് നിങ്ങൾക്ക് നൽകുക.
കൈയ്ക്കുള്ളിൽ മൊബൈൽ ഫോണുമായി നടക്കുന്ന കാലത്തിൽ നിന്ന് വ്യത്യസ്തമായി റിസീവർ കൈയിൽ പിടിച്ച് നമ്പർ ഡയൽ ചെയ്ത് ഫോൺ വിളിക്കുന്ന ഓർമകൾ ഒന്നു സങ്കൽപിച്ചു നോക്കുക. അതിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ക്ലിഫ് ടൌൺ ടെലഫോൺ ബൂത്ത്. ബ്രിട്ടീഷ് സംസ്കാരത്തിന്റെ പ്രതീകമാണ് ചുവന്ന ടെലഫോൺ ബൂത്തുകൾ. അവയിൽ മിക്കതും തന്നെ അപ്രത്യക്ഷമാകുകയോ പുനർനിർമിക്കപ്പെടുകയോ ചെയ്തിരിക്കാം. അതുകൊണ്ടു തന്നെ അത്തരത്തിൽ ഒരെണ്ണം ഇക്കാലത്ത് കണ്ടെത്തുക എന്ന് പറയുന്നത് അപൂർവമാണ്. ഇതിന്റെ വലുപ്പം തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നതും. നിങ്ങൾ സന്ദർശിക്കുന്ന ഏറ്റവും ചെറിയ മ്യൂസിയമാണിത്.
ക്ലിഫ് ടൌൺ പ്രദേശത്തിന്റെ ചരിത്രത്തിലേക്ക് ഒരു കാഴ്ച നൽകാനും ഈ മ്യൂസിയത്തിന് സാധിക്കുന്നു. കാപ്പൽ ടെറസിന്റെയും അലക്സാന്ദ്ര റോഡ് സതൻഡിന്റെയും കോർണറിലായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പഴമയും വൈവിധ്യവും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു ഇടം കൂടിയാണ് ഇത്.
സതൻഡ് ഓൺ സീയിൽ എത്തുന്ന സഞ്ചാരികൾ ഒരിക്കലും തങ്ങൾ ഈ കൊച്ചു മ്യൂസിയത്തിന്റെ സൗന്ദര്യത്തിനു മുൻപിൽ അമ്പരന്ന് നിൽക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടു തന്നെ ഈ കൊച്ചു മ്യൂസിയം കണ്ടു മടങ്ങുന്ന വിനോദസഞ്ചാരികൾ അത് ആസ്വദിച്ച് സന്തോഷത്തോടെയാണ് മടങ്ങുന്നത്. ബ്രിട്ടീഷ് സംസ്കാരത്തിന്റെ പ്രതീകമായി നിലകൊള്ളുകയാണ് ക്ലിഫ് ടൗൺ ടെലിഫോൺ മ്യൂസിയം.
STORY HIGHLLIGHTS: smallest-museum-telephone-booth