കൊല്ലം: കൊല്ലത്ത് ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂർ പൊങ്ങൻപാറയിൽ രമണിയമ്മയെ കൊന്ന കേസിൽ മരുമകൾ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്.
2019 ഡിസംബറിലായിരുന്നു കൊലപാതകം. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് ഉത്തരവിട്ടത്. രമണിയമ്മയ്ക്ക് മൂന്ന് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇളയ മകനായ വിമൽ കുമാറിൻ്റെ ഭാര്യയാണ് പ്രതിയായ ഗിരിത കുമാരി. 2019 ഡിസംബർ 11ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരുമില്ലായിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയായിരുന്നു.
നിലവിളികേട്ട് ഓടി വന്ന രമണിയമ്മയുടെ ഭർത്താവ് ചന്ദ്രശേഖരപിള്ളയും അയൽക്കാരും ചേർന്ന് അടുക്കള വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കടന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന രമണിയമ്മയേയും പ്രതിയേയുമാണ് കണ്ടത്. രമണിയമ്മയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുകയായിരുന്നു.