Kerala

മേയർ- കെഎസ്ആർടിസി തർക്കം: മേയർക്കെതിരായ അന്വേഷണം; കോടതി മേൽനോട്ടം ആവശ്യപ്പെട്ട യദുവിന്റെ ഹർജിയിൽ ഇന്ന് ഉത്തരവ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇന്ന് ഉത്തരവ്. കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നാണ് കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിന്റെ ആവശ്യം. മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

മേയർക്കെതിരെ താൻ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്‍റെ വാദം. എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നുവെന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.