തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതനിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷം. നിലവിലെ താരിഫിന്റെ കാലാവധി നവംബർ 30 വരേയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഈ വർഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സർക്കാരിന്റെ താത്പര്യം കൂടി കണക്കിലെടുത്തേ കമ്മീഷൻ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്. പൊതുതെളിവെടുപ്പ് ഉൾപ്പെടെ താരിഫ് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ ആദ്യവാരം നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.
ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 30 പൈസ വരെ കൂട്ടണമെന്നതാണ് കെഎസ്ഇബിയുടെ ശിപാർശ. ഫിക്‌സഡ് ചാർജ് 30 രൂപ മുതൽ 50 രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. വേനൽകാലത്തേക്ക് മാത്രമായി സമ്മർതാരിഫ് എന്ന പേരിൽ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശിപാർശയും കെഎസ്ഇബി കമ്മീഷന് മുന്പിൽ വച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പുകളിൽ കണ്ട ജനരോഷം കണക്കിലെടുത്ത് കെഎസ്ഇബിയുടെ എല്ലാ ആവശ്യവും റെഗുലേറ്ററികമ്മീഷൻ അംഗീകരിക്കാനിടയില്ല.