ജമ്മു: ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിൽ സൈനിക ആംബുലൻസ് ആക്രമിച്ച 2 ഭീകരരെ കൂടി സുരക്ഷാസേന വധിച്ചു. ഒരു ഭീകരനെ തിങ്കളാഴ്ച വൈകിട്ട് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച രാവിലെ കരസേനയുടെ ആംബുലൻസിനു നേരെ വെടിയുതിർത്ത ശേഷം വനത്തിലേക്ക് ഓടിമറഞ്ഞ 3 ഭീകരരും കൊല്ലപ്പെട്ടു.
നിയന്ത്രണരേഖയ്ക്ക് സമീപം ജോഗ്വാനിലെ ആസൻ ക്ഷേത്രത്തിനു സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയവരാണ് ഈ ഭീകരർ എന്നു കരുതുന്നതായി സൈനിക വക്താവ് പറഞ്ഞു. രാത്രിയും പകലും തുടർച്ചയായി 20 മണിക്കൂർ ആണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്. കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളിൽ ഈ മേഖലയിൽ 7 ഭീകരാക്രമണങ്ങളാണ് നടന്നത്. ഈ സാഹചര്യത്തിൽ രജൗറി, പൂഞ്ച് എന്നീ അതിർത്തി ജില്ലകളിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി. കൊടുംകാടിനുള്ളിൽ സൈനികനീക്കം നടത്താനുള്ള പ്രത്യേക പരിശീലനവും ഇതിന്റെ ഭാഗമായി നടക്കുകയാണ്.