ബർലിൻ: ജർമൻ പൗരത്വമുള്ള ഇറാൻ വിമതൻ ജംഷിദ് ഷർമാദിനെ (69) ഭീകരപ്രവർത്തനം ആരോപിച്ച് ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു. 2003 മുതൽ യുഎസിലെ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയിരുന്ന ഷർമാദിനെ 4 വർഷം മുൻപ് ദുബായിൽനിന്നാണ് ഇറാൻ ഏജന്റുമാർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്.
2008ൽ ഇറാനിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് 2023ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. തിങ്കളാഴ്ചയാണു തൂക്കിലേറ്റിയത്. നടപടിയിൽ പ്രതിഷേധിച്ച് ജർമനി ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു. ഷർമാദിനെ വധശിക്ഷയ്ക്കു വിധിച്ചതിന്റെ പേരിൽ 2023ൽ ജർമനി ഇറാന്റെ 2 നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.