ചർമ്മ സംരക്ഷണം എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് തലമുടിയുടെ പരിപാലനവും. നമ്മൾ എത്രത്തോളം കരുതലോടെ മുടിയുടെ പ്രശ്നങ്ങളെ സമീപിക്കുന്നുവോ അത്രത്തോളം അനുകൂലമായ ഫലം ലഭ്യമാകും. പാർശ്വഫലങ്ങൾ ഇല്ലാത്ത പരിചരണ ഉത്പന്നങ്ങാളാണ് ഏവരും തേടുക. പാർലറുകളിലും കടകളിലും ലഭ്യമായ വ്യത്യസ്ത ഹെയർ സ്പാ ഒരു പരിധി വരെ നിങ്ങളുടെ മുടിയും പ്രശ്നങ്ങൾക്ക് പരിഹാരം നൽകിയേക്കാം. എങ്കിലും അധികവും പ്രകൃതിദത്തമായ രീതികൾ സ്വീകരിക്കുന്നതാണ് ഉചിതം. കെമിക്കൽ രഹിത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം.
തലമുടി സംരക്ഷണം എന്നു പറയുമ്പോൾ ആദ്യം ഓർമ്മ വരിക തൊടിയിൽ പൂത്തു നിൽക്കുന്ന ചുവപ്പൻ ചെമ്പരത്തി പൂക്കളാണോ?. എങ്കിൽ വൈകേണ്ട കുറച്ച് ചെമ്പരത്തി പൂക്കളും, തളിർ ഇലകളും പറിച്ചെടുത്തോളൂ. വീട്ടിൽ തന്നെ ഒരു കെമിക്കൽ ഫ്രീ ഷാമ്പൂ തയ്യാറാക്കാം. ചെമ്പരത്തി കൊണ്ടുള്ള താളി ഏറെക്കാലമായി മുടി പരിപാലനത്തിൽ ഉപയോഗിത്തിലുണ്ട്.
തലയോട്ടി വരണ്ടു പോകുന്നതു തടഞ്ഞ് മുടി കൊഴിച്ചിൽ തടയുന്നു. കൂടാതെ ശരീരത്തെ മൊത്തത്തിൽ തണുപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യും.
കേശ പരിപാലനത്തിനായി വ്യത്യസ്ത രീതിയിൽ ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്.
ചെമ്പരത്തി പൂവിൻ്റെ ഇതളുകൾ അരച്ചെടുത്തത് രണ്ടു ടേബിൾസ്പൂൺ. അതിലേക്ക് രണ്ടു ടേബിൾസ്പൂൺ തേങ്ങാപ്പാൽ, രണ്ടു ടേബിൾസ്പൂൺ തേൻ, രണ്ടു ടേബിൾസ്പൂൺ തൈര്, നാല് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ ഇളക്കി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് തലമുടി വരണ്ടു പോകുന്നത് തടയുന്നു.
മൂന്ന് ടേബിൾസ്പൂൺ ഇഞ്ചി നീരിലേക്ക് രണ്ടു ടേബിൾസ്പൂൺ ചെമ്പരത്തി പൂവ് അരച്ചതും ഇളക്കി യോജിപ്പിക്കുക. തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കരുത്ത പകരും.