മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്.
കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തു നിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ്.
ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണ്. സാംസ്‌ക്കാരിക കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സമീപനം തിരുത്താന്‍ സുരേഷ് ഗോപി തയാറാവുന്നില്ലെങ്കില്‍ തിരുത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പൂരം കലക്കിയതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ സുരേഷ്‌ഗോപിയുടെ അഭിപ്രായം ആരായാന്‍ മൈക്കു വെച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് മൂവ് ഔട്ട് എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്ന് വീണ്ടും മാധ്യമങ്ങളെ അധിക്ഷേപിച്ചു കൊണ്ട് സുരേഷ്‌ഗോപി പ്രസംഗിച്ചിട്ടുണ്ട്. തീറ്റ കിട്ടുന്ന കാര്യത്തില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യമെന്ന അധിക്ഷേപമാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്.
മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മാധ്യമങ്ങളെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. അത് അവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റു. പക്ഷേ ജനങ്ങളുടെ കണ്ണീര്‍ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാന്‍ അവരുടെ ശത്രുവല്ല. അവര്‍ എന്റെയും ശത്രുവല്ല.
എന്താണ് ശുദ്ധമായ മാധ്യമ പ്രവര്‍ത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം” – സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് മൂവ് ഔട്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെല്ലാം ചേര്‍ത്താണ് സുരേഷ്‌ഗോപിയോട് തിരുത്തണണെന്ന ആവശ്യവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്.
CONTENT HIGHLIGHTS;Suresh Gopi, who did not let go of the lead role in the film Thatupolipan, should be corrected: Union of Journalists (KUWJ)