കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു.
കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീൻ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീൻ ബാബുവിന്റെ മരണത്തിൽ കാര്യങ്ങൾ എല്ലാം നിയമപരമായിത്തന്നെയാണ് നീങ്ങുന്നതെന്നും ഇനിയും അങ്ങനെത്തന്നെയാണ് പോകുകയെന്നും കൂട്ടിച്ചേർത്തു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്.
ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നുള്ള മൊഴി തള്ളാതെ കളക്ടർ അരുൺ കെ വിജയൻ ഇതിനിടെ രംഗത്തെത്തി. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങളും ചൂടുപിടിക്കുകയാണ്.