പ്രശസ്ത പത്രപ്രവര്‍ത്തകനായ ടിജെഎസ് ജോര്‍ജിനെ 2024ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (വക്കം) ഏര്‍പ്പെടുത്തിയ പുരസ്‌കാരം പത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ടിജെഎസ് ജോര്‍ജിന്റെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് നല്‍കുന്നത്.
എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോര്‍ജ്ജ് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ഫാര്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് റിവ്യൂ, ദി ഫ്രീ പ്രസ് ജേര്‍ണല്‍, ഏഷ്യാവീക്ക്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവാണ്. 2011 ല്‍ പദ്മഭൂഷണ്‍ ലഭിച്ചിരുന്നു.
ഡിസംബറില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഒക്‌ടോബര്‍ 31ന് വക്കം മൗലവി അനുസ്മരണ ദിനത്തോടനുബന്ധിച്ച് സെന്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരിയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മീന ടി.പിള്ള ‘എഴുത്തും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സൂം പ്ലാറ്റഫോമില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരന്‍ എസ്.ഹരീഷ് അധ്യക്ഷത വഹിക്കുമെന്ന് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ പ്രൊഫ. എം. താഹിര്‍ അറിയിച്ചു.