കായിക മത്സരങ്ങളില്‍ സ്‌പോര്‍ട്ട്‌സ് സൈക്കോളജിസ്റ്റ് നിര്‍ബന്ധമാണ്. മാനസിക പിന്തുണ കൂടി കിട്ടിയാല്‍ കരുത്തു ചേരാതെ മുന്നേറാന്‍ മത്സരാര്‍ഥികള്‍ക്ക് സാധിക്കാറുണ്ട്. മാനസികമായ പിന്തുണ കൂടി ആവശ്യമുള്ള കായിക താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവരെ മുന്‍ നിരയിലേക്ക് എത്തിക്കാനായി സ്‌പോര്‍ട്ട്‌സ് സൈക്കോളജിസ്റ്റ് ദീപികയും അസിസ്റ്റന്റ് അഷിതയും കളിക്കളത്തിനായി എടുത്ത പ്രയത്‌നം ചില്ലറയല്ല. വിജയത്തിനരികിലെത്തി പിന്നിലായി പോകുന്ന പ്രതിഭകള്‍ക്ക് കൈത്താങ്ങാന്‍ ഇവര്‍ പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കിയിരുന്നു.
കളിക്കളം മത്സരാര്‍ഥികളെ മാനസികമായി ശക്തരാക്കാന്‍ ദീപികയും അഷിതയും സദാസമയവും ഫീല്‍ഡില്‍ സജീവമാണ്. കായികതാരങ്ങളെ മാനസികമായി കൂടി കരുത്തരാക്കുക, അവരുടെ അനാവശ്യ ചിന്തകള്‍ ഒഴിവാക്കി നിര്‍ത്തുക, സ്പോര്‍ട്സ് മിത്തുകള്‍ മാറ്റുക, മാനസികമായ ശക്തി പകരുക എന്നിങ്ങനെ താരങ്ങളുടെ മത്സരത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കായികക്ഷമത മാത്രമല്ല മാനസിക ബലം കൂടി ഒരു കായികതാരത്തിന്റെ വിജയത്തിന് പിന്നിലുണ്ടെന്നാണ് ദീപിക പറയുന്നത്. കഴിഞ്ഞ തവണ കളിക്കളത്തില്‍ പങ്കെടുത്ത പരിചയം ദീപികയ്ക്ക് ഇത്തവണ മുതല്‍ക്കൂട്ടായി.
കായിക വിദ്യാര്‍ഥികളുടെ മാനസിക ബലത്തിന്റെ തോത് വിലയിരുത്തി പ്രത്യേക പരിശീലനം ആവശ്യമായ കുട്ടികളുടെ പട്ടിക തയ്യാറാക്കി വകുപ്പിന് കൈമാറുകയാണ് ദീപികയുടെ ലക്ഷ്യം. കുട്ടിയോടും അവരുടെ കുടുംബത്തോടും പരിശീലകനോടുമെല്ലാം സംസാരിച്ച് അവരുടെ പശ്ചാത്തലം മനസിലാക്കിയ ശേഷമാണ് ഹിസ്റ്ററി തയ്യാറാക്കുക.
മലപ്പുറം ജില്ലയിലെ കൊല്ലം ചിന മണ്ണാന്‍മല സ്വദേശിയാണ് കെ ദീപിക. സൈക്കോളജി ഇഷ്ടവിഷയമായി തിരഞ്ഞെടുത്ത ദീപിക സ്‌പോര്‍ട്‌സ് കൈവിടാതെ രണ്ടും ഒരുമിച്ച് കൊണ്ടുപോയി. അങ്ങനെ 2022 ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ഏക സ്പോര്‍സ് സൈക്കോളജിസ്റ്റായി ദീപിക മാറി. 2017 ലാണ് ദീപിക ഈ മേഖലയിലേക്ക് കടന്നു വരുന്നത്. കാലിക്കറ്റ്, എം ജി സര്‍വകലാശാലകളിലെ വിവിധ ടീമുകളുടെ സ്പോര്‍ട്സ് സൈക്കോളജിസ്റ്റായും ദീപിക പ്രവര്‍ത്തിച്ചിട്ടുണ്ട്.
കളിക്കളം കായികമേള കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ പ്രയത്‌നിച്ച സംഘാടര്‍ക്ക് കയ്യടിക്കാതിരിക്കാനാകില്ല. മൂന്ന് ദിവസങ്ങളിലായി കാര്യവട്ടം എല്‍ എന്‍ സി പി ഇ യില്‍ നടന്ന കായികമേള വേറിട്ടതാക്കാന്‍ നടത്തിയ സംഘാടക മികവിനെ എടുത്തു പറയാതിരിക്കാനും കഴിയില്ല. വിവിധ ജില്ലകളില്‍ നിന്നുള്ള പട്ടിക വര്‍ഗ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ കമ്മറ്റികള്‍ രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനം നടത്തിയാണ് കളിക്കളം ഇത്തവണ വേറിട്ടതാക്കിയത്.
വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 2,000 ത്തിലധികം പേരാണ് കാര്യവട്ടം എല്‍ എന്‍ സി പി ഇ സ്റ്റേഡിയത്തില്‍ എത്തിയത്. ഇവരുടെ താമസ സൗകര്യം ഒരുക്കുന്നതിലും ഭക്ഷണം യഥാസമയം എത്തിച്ചുകൊടുക്കാനുള്ള സംവിധാനം കൃത്യമായി ആസൂത്രണം ചെയ്തതിലെ മികവും ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി കാര്യവട്ടം എല്‍ എന്‍ സി പിയില്‍ നടന്ന മേളയില്‍ 84 ഇനങ്ങളിലായി 1,500 ലധികം താരങ്ങളാണ് മാറ്റുരച്ചത്. കുട്ടികള്‍ക്കും ഒപ്പം അനുഗമിച്ചവര്‍ക്കുമായി മാര്‍ ഇവാനിയോസ് കോളജ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മികച്ച താമസസൗകര്യമാണ് ഒരുക്കിയത്.
സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ക്കും ഒപ്പം അനുഗമിച്ചവര്‍ക്കുമായി 27 നു രാത്രി മുതല്‍ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നു. കുടുംബശ്രീയാണ് കായികതാരങ്ങള്‍ക്കായി പോഷക സമൃദ്ധവും രുചികരവുമായ ഭക്ഷണം ഒരുക്കിയത്. രാവിലെയും രാത്രിയിലുമായി ഇഡ്ഡലി, അപ്പം, ചപ്പാത്തി, നേന്ത്രപ്പഴം, സാമ്പാര്‍, മുട്ടക്കറി തുടങ്ങി ഓരോ ദിനവും വ്യത്യസ്ത രുചി വിഭവങ്ങളും ഉച്ചയ്ക്ക് മീന്‍കറി, ചിക്കന്‍ കറി ഉള്‍പ്പടെ വിഭവ സമൃദ്ധമായ ഊണും ഇട നേരങ്ങളില്‍ ചായയും വ്യത്യസ്ത ലഘു ഭക്ഷണങ്ങളും ഒരുക്കി ഭക്ഷണശാല മുഴുവന്‍ സമയവും സജീവമായിരുന്നു.
വിവിധ ട്രാക്കുകളിലും ഗ്രൗണ്ടുകളിലുമായി താരങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധമായിരുന്നു മത്സരങ്ങളുടെ ക്രമീകരണം. ഇതിനു പ്രധാന പങ്കു വഹിച്ചത് കളിക്കളത്തിനു ആതിഥേയത്വം വഹിച്ച തിരുവനന്തപുരം ജില്ലയിലെ കട്ടേല അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ സി സി, എന്‍ എസ് എസ് കേഡറ്റുകളാണ്. സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും ഇവരുടെ സേവനം ലഭ്യമായിരുന്നു. ക്ലീന്‍ ക്യാമ്പസ് ഗ്രീന്‍ ക്യാമ്പസ് എന്ന ആശയത്തിലൂന്നി ഹരിത ചട്ടം പാലിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങാകാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഇവര്‍ വിശ്രമമില്ലാതെ ഓടി നടന്നു. 40 കുട്ടികളാണ് ഈ ടീമില്‍ ഉണ്ടായിരുന്നത്.
ഇതു കൂടാതെ സ്റ്റേഡിയത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും അഞ്ച് ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. മേളയുടെ നടത്തിപ്പില്‍ വകുപ്പു മന്ത്രി ഒ ആര്‍ കേളുവിന്റെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടായിരുന്നു. പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ: രേണു രാജിന്റെ മുഴുവന്‍ സമയ സാന്നിധ്യം സംഘാടകര്‍ക്കും കായിക താരങ്ങള്‍ക്കും നല്‍കിയ ഊര്‍ജം ചെറുതല്ല.
സംസ്ഥാനത്തുടനീളമുള്ള, വകുപ്പിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും മേളയെ മികവുറ്റതാക്കാന്‍ ഏറെ സഹായിച്ചു. ഇതോടൊപ്പം കാര്യവട്ടം എല്‍ എന്‍ സി പി ഇ അധികൃതരും സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളും മേളയുടെ മികച്ച നടത്തിപ്പിനായി ഒപ്പം കൈകോര്‍ത്തു നിന്നതും മേളയുടെ ഗംഭീര വിജയത്തിന് വലിയ സഹായമായി.
CONTENT HIGHLIGHTS;Deepika is there to provide mental support to the children on the playground : The playground is super and so are the organizers