പല രോഗങ്ങള്‍ക്കും ഉള്ള മൂലകാരണമാണ് അമിതവണ്ണം. ചില രോഗങ്ങള്‍ കാരണവും അമിതവണ്ണമുണ്ടാകാറുണ്ട്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉദാഹരണം. രോഗങ്ങളും അമിതവണ്ണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് തന്നെ പറയാം. അമിതവണ്ണത്തിന് കാരണമാകുന്ന പല കാരണങ്ങളുമുണ്ട്. ഭക്ഷണശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസ്, മദ്യപാനം എന്നിവയും ഇതില്‍ പെടുന്നു. ഉറക്കപ്രശ്‌നങ്ങളും ഇതിനുള്ള കാരണമാണ്. അമിതവണ്ണത്തിന് അവസാനം പറഞ്ഞ കാരണം പ്രധാനമാണ്. ഇതിനാല്‍ തന്നെ ഉറങ്ങി തടി കുറയ്ക്കാം എന്നതിനും പ്രസക്തിയേറുന്നു.
മനുഷ്യന്റെ ശരീരത്തിന് ഒരു സിര്‍കാഡിയന്‍ റിഥമുണ്ട്. ഒരു താളം. ഇതേ രീതിയില്‍ ഉറക്കത്തിനും ഒരു താളമുണ്ട്. ഇതനസരിച്ച് രാത്രിയില്‍ ഉറങ്ങി പകല്‍ ഉണര്‍ന്നിരിയ്ക്കുന്ന ജീവിയാണ് മനുഷ്യന്‍. ഇതനുസരിച്ചുള്ള റിര്‍കാഡിയന്‍ റിഥമാണ് മനുഷ്യശരീരത്തിന് ഉള്ളത്. ഉറക്കക്കുറവും ഏറെ വൈകി ഉറങ്ങുന്നതുമെല്ലാം ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ അഥവാ നീര്‍ക്കെട്ടുണ്ടാക്കുന്നു. ഇതിനാല്‍ നമുക്ക് വേദനയുണ്ടാകണം എന്നില്ല. എന്നാല്‍ ഇത് നമ്മുടെ പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ പല ആന്തരികാവയവങ്ങള്‍ക്കും നീര്‍ക്കെട്ടുണ്ടാക്കും.
ഉദാഹരണമായി തലേന്ന് രാത്രി ഉറക്കം കുറഞ്ഞാല്‍ പിറ്റേന്ന് മലബന്ധമുണ്ടാകുന്നത് പലര്‍ക്കും അനുഭവം കാണും. ഇതുപോലെ ഉന്മേഷമുണ്ടാകില്ല, ഏകാഗ്രതയുണ്ടാകില്ല, ചിന്താക്കുഴപ്പമുണ്ടാക്കുന്നു. നാലു ദിവസം ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ നമ്മുടെ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും, ഇന്‍സുലിന്‍ റെസിസ്റ്റന്‍സുണ്ടാക്കും, ഇത് പ്രമേഹബാധയ്ക്ക് സാധ്യതയുണ്ടാക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഇത് വര്‍ദ്ധിയ്ക്കും. ഇതിനാല്‍ പ്രമേഹ രോഗികള്‍ക്ക് തടിയും കുടവയറും കഴുത്തിന് പുറകിലെ കറുപ്പുമെല്ലാമുണ്ടാകും.
ഉറങ്ങാതിരുന്നാല്‍ ഗ്രെനിന്‍, ലെപ്റ്റിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം തകിടം മറയ്ക്കും. ഇത് വിശപ്പു വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. പലര്‍ക്കും രാത്രി ഏറെ നേരം വൈകിയാല്‍ എന്തെങ്കിലും കഴിയ്ക്കാന്‍ തോന്നുന്നതും വിശപ്പ് തോന്നുന്നതുമെല്ലാം ഈ ഹോര്‍മോണുകള്‍ കാരണമാണ്. ഉറക്കം എത്രത്തോളം കുറയുന്നു, അത്രത്തോളം പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇത് കുട്ടികളിലെങ്കിലും. പത്ത് വയസില്‍ താഴെയുളള കുട്ടികള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ ഇതിന് ഒരു കാരണം ഉറക്കക്കുറവായിരിക്കും.