Kerala

‘ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും’: വീണാ ജോർജ്

സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍

സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയ്യാറാക്കും. ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള്‍ കുറയ്ക്കുക, അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ വിലയിരുത്തിയാകും ആക്ഷന്‍പ്ലാനും എസ്.ഒ.പിയും തയ്യാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.