കുവൈത്തിൽ കോവിഡ് കാലത്ത് താൽക്കാലിക ജുമുഅ തുടങ്ങിയ പള്ളികളിൽ ജുമുഅ നമസ്‌കാരം നിർത്തി. ഇത്തരം പള്ളികൾ നവംബർ ഒന്ന് മുതൽ വെള്ളിയാഴ്ചകളിലെ പ്രാർത്ഥനയായ ജുമുഅാ സമയത്ത് അടച്ചിടണമെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം നിർദേശിച്ചു. കോവിഡ് കാലത്ത് താൽക്കാലികമായി ജുമുഅ തുടങ്ങിയ പള്ളികളാണ് ജുമുഅാ സമയത്ത് അടച്ചിടുകയെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ആറു ഗവർണറേറ്റുകളിലുമുള്ള മസ്ജിദ് അധികാരികൾക്ക് ഇത് സംബന്ധമായ അറിയിപ്പ് എൻഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നൽകി. ഔഖാഫ് മന്ത്രാലയത്തിലെ ഫത്വ വിഭാഗം പുറപ്പെടുവിച്ച നിർദേശത്തിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംബന്ധമായ തീരുമാനം വിശ്വാസികളെ അറിയിക്കാൻ ഇമാമുമാരോടും ഖത്തീബുമാരോടും മന്ത്രാലയം നിർദേശിച്ചു. നവംബർ ഒന്ന് വെള്ളിയാഴ്ച മുതലാണ് തീരുമാനം നടപ്പാക്കുക.