ഖത്തറിൽ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹിതപരിശോധന അടുത്ത ചൊവ്വാഴ്ച നടക്കും. 18 വയസ് തികഞ്ഞ രാജ്യത്തെ പൗരന്മാർക്കെല്ലാം ഹിതപരിശോധനയിൽ പങ്കെടുക്കാം. ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് അവസാനിപ്പിച്ച് നോമിനേഷൻ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് വേണ്ടിയാണ് ഹിതപരിശോധന നടത്തുന്നത്.
രാവിലെ 7 മണിക്ക് തുടങ്ങുന്ന ഹിതപരിശോധന വൈകിട്ട് ഏഴ് മണിവരെ തുടരും. 24 മണിക്കൂറിനുള്ളിൽ ഫലവും പ്രഖ്യാപിക്കും. ഹിതപരിശോധന നടത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നിർദേശം നൽകി. ശൂറാ കൗൺസിലിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ കൗൺസിലിനോട് ഭേദഗതി തയ്യാറാക്കാൻ ആവശ്യപ്പെട്ടതായി അമീർ വ്യക്തമാക്കിയിരുന്നു.
2021 ഒക്ടോബറിലാണ് ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മൂന്നിൽ രണ്ടു ഭാഗം അംഗങ്ങളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. 45 അംഗ കൗൺസിലിലെ 30 പേർ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ശേഷിച്ച 15 പേർ നേരിട്ട് നിയമിക്കപ്പെടുകയായിരുന്നു. ഇനി മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറുന്നതിനാണ് ഹിതപരിശോധന നടക്കുന്നത്.
















