കോഴിക്കോട്: കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിന് വ്യാജ ബോംബ് ഭീഷണി അയച്ചതിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസിനെ (26) കരിപ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. എയർ ഡയറക്‌ടർക്ക് ഇ-മെയിൽ വഴിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു.അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 29 നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി സന്ദേശം കരിപ്പൂർ എയർപ്പോർട്ട് ഡയറക്ടർക്ക് ഇ മെയിൽ വഴി അയക്കുന്നത്.
എയർ അറേബ്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. കരിപ്പൂർ – അബുദാബി വിമാനം നിങ്ങൾ കാൻസൽ ചെയ്യണം അല്ലെങ്കിൽ വിമാനം പൂർണമായും തകരും. വിമാനത്തിനകത്തുള്ള മുഴുവൻ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങൾ മറുപടി പറയേണ്ടി വരും. അതുകൊണ്ട് നിങ്ങൾ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്യണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്.
എയർപോർട്ട് അധികൃതർ കരിപ്പൂർ പൊലീസിന് പരാതി നൽകുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒടുവിൽ ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.