Kerala

നീലേശ്വരം വെടിക്കെട്ട് അപകടം: ഒരാൾ കൂടി അറസ്റ്റിൽ

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നീലേശ്വരം സ്വദേശി വിജയൻ (62) ആണ് അറസ്റ്റിലായത്. വെടിക്കെട്ട് നടത്താൻ ചുമതലപ്പെടുത്തിയ രാജേഷിന്റെ സഹായിയായി പ്രവർത്തിച്ചയാളാണ് വിജയൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വധശ്രമം, എക്‌സ്‌പ്ലോസീവ് ആക്ട്, സ്‌ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

വെടിക്കെട്ട് അപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കലക്ടർക്കും എസ്പിക്കും കമ്മീഷൻ നിർദേശം നൽകി. കാസർകോട് നടക്കുന്ന അടത്തു സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 154 പേർക്കാണ് പൊള്ളലേറ്റത്.

അതേസമയം, വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബി എന്‍ എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരെ വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്.