Kerala

‘ദിവ്യ എത്തിയത് ആസൂത്രിതമായി; മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ചു’- റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയുമെന്നു ദിവ്യ ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനൽ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാൻ മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നു. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്നും കളക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിൻ്റെ മൊഴിയിൽ പറയുന്നു.

പ്രതി അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളുമാണ്. പ്രതിയുടെ സഹപ്രവര്‍ത്തകരും സഹപാഠികളും ഭരണസിരാ കേന്ദ്രങ്ങളിലുള്ളവരാണ്. നിയമവ്യവസ്ഥയുമായി സഹരിക്കാതെ ഒളിവില്‍പ്പോയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും അന്വേഷണത്തോട് സഹകരിക്കാതെ ദിവ്യ ഒളിവിൽ പോയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.