Environment

മൂക്കിൽ പല്ലു മുളച്ച അപൂർവ്വ മൃഗം; ആരാണ് ഇന്തൊനീഷ്യയുടെ മാത്രം സ്വന്തമായ ബാബിറൂസ! | babirusa-deer-pig-indonesia

മൂക്കിൽ പല്ലു മുളയ്ക്കുക എന്ന് നാം പലപ്പോഴും തമാശ പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ മൂക്കിൽ പല്ല് മുളച്ച ഒരു മൃഗമുണ്ട്. ഇന്തൊനീഷ്യയുടെ മാത്രം സ്വന്തമായ ബാബിറൂസ. പന്നികളിലെ വ്യത്യസ്തർ. അവയാണ് ബാബിറൂസ. ഇന്തൊനീഷ്യയിലെ സുലവെസിയിലും തൊട്ടടുത്ത ദ്വീപുകളിലുമാണ് പന്നികളുടെ ഈ ബന്ധുക്കാർ ജീവിക്കുന്നത്. ഇലകൾ, പഴങ്ങൾ, കൂണുകൾ, മരത്തൊലി, കീടങ്ങൾ, മീനുകൾ തുടങ്ങിയവയാണ് ഇവ ഭക്ഷിക്കുന്നത്. സാധാരണ കാട്ടുപന്നികളെ പോലെ താഴത്തെ നിരയിൽ നിന്നു രണ്ടു പല്ലുകൾ തേറ്റകൾ പോലെ ഇവയ്ക്ക് വളഞ്ഞു മേലേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ ഇതു കൂടാതെ മുകൾ നിരയിലെ രണ്ടു പല്ലുകൾ മൂക്കിനു മുകളിലുള്ള ഭാഗത്തുകൂടി മുകളിലേക്ക് ഉയർന്നു നിൽക്കാറുമുണ്ട്. ഈ പല്ലുകൾക്ക് ഏകദേശം കൊമ്പുകളുടെ ആകൃതിയാണ്.

ഈ കൊമ്പുകൾ കലമാനുകളുടെ കൊമ്പിന്റെ ആകൃതി ഇവയ്ക്കു നൽകുന്നുണ്ട്. ബാബിറൂസ എന്ന വാക്കിന്റെ അർഥം തന്നെ മാൻ പന്നികൾ എന്നാണ്. ചരിത്രാതീത കാലം മുതലുള്ള പന്നികൾ എന്ന് ബാബിറൂസകളെ വിശേഷിപ്പിക്കാറുണ്ട്. ഏകദേശം 40000 വർഷങ്ങൾ മുതലുള്ള ഗുഹാചിത്രങ്ങളിൽ ഇവ പ്രത്യക്ഷപ്പെടുന്നതാണു കാരണം. ആൺ ബാബിറൂസകൾക്ക് മാത്രമാണ് മുകളിലേക്ക് ഉയർന്നിരിക്കുന്ന ഈ പല്ലുകളുള്ളത്.തമ്മിൽ തമ്മിൽ വഴക്കുണ്ടാക്കാനായിട്ടാണ് ബാബിറൂസകൾ ഈ പല്ലുകൾ ഉപയോഗിക്കുന്നതെന്നായിരുന്നു ശാസ്ത്രജ്ഞർ പൊതുവെ വിചാരിച്ചിരുന്നത്. എന്നാൽ തമ്മിൽ വഴക്കുണ്ടാക്കുമ്പോൾ ബാബിറൂസകൾ തേറ്റകൾ ഉപയോഗിക്കാറില്ലെന്ന് പിന്നീട് കണ്ടെത്തി.

ഇണകളെ ആകർഷിക്കാനുള്ളതാണ് ഈ കൊമ്പുകൾ എന്നു മറ്റൊരു സിദ്ധാന്തമുണ്ടെങ്കിലും ഇതും തെളിയിക്കപ്പെട്ടിട്ടില്ല. ഇന്തൊനീഷ്യയിലെ ചതുപ്പുകളിൽ മാത്രമാണ് ഇവ കാണപ്പെടാറുള്ളത്. 2 അടി പൊക്കവും 3 അടി നീളവും ഉള്ള ഇവയുടെ ഭാരം 90 കിലോയിൽ അധികമാണ്. പന്നികളുടെ കുടുംബത്തിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചിരുന്ന ജീവികളാണ് ബാബിറൂസകൾ. രണ്ടറകളുള്ള ഇവയുടെ ആമാശയത്തിനു മറ്റു പന്നികളുടേതിനാൽ ചെമ്മരിയാടുകളുമായിട്ടാണ് സാമ്യം. ഏകദേശം 2.6 കോടി മുതൽ 1.2 കോടി വർഷം മുൻപ് പന്നികളുടെ പൊതുപൂർവിക കുടുംബത്തിൽനിന്ന് ഇവ വേർപിരിഞ്ഞെന്നാണു കരുതപ്പെടുന്നത്.

STORY HIGHLLIGHTS: babirusa-deer-pig-indonesia